തലശ്ശേരി: യാത്രയ്ക്കിടെ ഓട്ടോയിൽ മറന്നുവെച്ച വിലപിടിപ്പുള്ള ബാഗുകൾ സുരക്ഷിതമായി വിദേശ വിനോദസഞ്ചാരികൾക്ക് തിരികെ നൽകി മാതൃകയായി ഓട്ടോ ഡ്രൈവർ വിനീഷും തലശ്ശേരി പോലീസും. അമേരിക്കൻ സ്വദേശികളായ ഹെന്ന ഹിഗിൻസ്, സിഗിൻ, മോറിസ് ജോസഫ് എന്നിവർക്കാണ് നഷ്ടപ്പെട്ട ബാഗുകൾ തിരികെ ലഭിച്ചത്.
മൂന്ന് ദിവസം മുൻപാണ് സഞ്ചാരികൾ തലശ്ശേരിയിലെത്തിയത്. ഓട്ടോ ഡ്രൈവറായ വിനീഷിന്റെ വാഹനത്തിൽ യാത്ര ചെയ്ത് ഇറങ്ങിയ ശേഷമാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കം വിലപിടിപ്പുള്ള സാധനങ്ങൾ അടങ്ങിയ ബാഗുകൾ ഓട്ടോയിൽ മറന്നുവെച്ച കാര്യം വിനീഷ് ശ്രദ്ധിക്കുന്നത്. സഞ്ചാരികളെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ വിനീഷ് ബാഗുകൾ തലശ്ശേരി ട്രാഫിക് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം പതിവ് ഡ്യൂട്ടിക്കിടെ നടന്നുപോകുകയായിരുന്ന വിദേശികളെ കണ്ട എ.എസ്.ഐ. സുവേൺ വി. ഗോപാൽ അവരോട് വിവരങ്ങൾ ചോദിച്ചറിയുകയും ബാഗ് നഷ്ടപ്പെട്ട വിവരം സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിച്ച സഞ്ചാരികൾക്ക് എസ്.ഐ.മാരായ സജിത്കുമാർ, എം.കെ. ശ്രീജിത്ത്, എ.എസ്.ഐ.മാരായ സുവേൺ വി. ഗോപാൽ, കെ. ആയിഷ, കെ. ബിനീഷ് എന്നിവരുടെ സാന്നിധ്യത്തിൽ ബാഗുകൾ കൈമാറി. 'മിറക്കിൾ' എന്ന് അത്ഭുതത്തോടെ പ്രതികരിച്ച വിദേശികൾ വിനീഷിന്റെയും തലശ്ശേരി പോലീസിന്റെയും ജാഗ്രതയ്ക്കും സത്യസന്ധതയ്ക്കും നന്ദി അറിയിച്ചാണ് മടങ്ങിയത്.
