തലശ്ശേരി: ഒളവിലം മൈല്യാട്ട് പൊയിൽ ശ്രീമുത്തപ്പൻ മടപ്പുരയിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് ഗണപതിഹോമവും അനുമോദന സദസ്സും നടന്നു.
ചടങ്ങിൽ സംസ്ഥാനതല പരിസ്ഥിതി അവാർഡ് ജേതാവ് സി.വി. രാജൻ പെരിങ്ങാടിയെയും രാമായണ പാരായണം ചെയ്ത ചെങ്ങര മീത്തൽ ശശിധരനെയും ഉപഹാരം നൽകി ആദരിച്ചു. കൂടാതെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാർത്ഥികളായ നീഹാര, വൈഗ ലക്ഷ്മി, പാർവ്വണ, ദിലാര എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.
മടപ്പുര സേവാസമിതി പ്രസിഡന്റ് പി. ഷിൻജിത്തിന്റെ അധ്യക്ഷതയിൽ സി.വി. രാജൻ പെരിങ്ങാടി അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. എം.പി. ഷിനോജ്, ടി.കെ. ഹേമലത, എം.പി. സുനിൽകുമാർ, കെ.എം. മോഹൻദാസ് എന്നിവർ സംസാരിച്ചു.
