Zygo-Ad

തലശ്ശേരിയിൽ രണ്ടു കുട്ടികളുൾപ്പെടെ നാലംഗ കുടുംബത്തിന് ക്രൂരമർദ്ദനം; ആറുപേർക്കെതിരെ പരാതി

 


തലശ്ശേരി: വീട്ടിൽ അതിക്രമിച്ചുകയറി രണ്ടു കുട്ടികളുൾപ്പെടെ നാലംഗ കുടുംബത്തെ ആറംഗ സംഘം ക്രൂരമായി മർദ്ദിച്ചതായി പരാതി. നഗരത്ത്പീടിക ക്ഷേത്രം ഗേറ്റ് സ്വദേശിനിയായ ശ്രവ്യ കെ, സഹോദരി നിയ (21), കുട്ടികളായ അവന്തിക (13), അവ്യുക്ത് (7) എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ നീരാജ്, റെമിത്ത്, വരുൺ, ശരത്ത്, നികീഷ്, ജെസിൻ എന്നീ ആറുപേർക്കെതിരെ കുടുംബം തലശ്ശേരി പോലീസിൽ പരാതി നൽകി.

​ഓഗസ്റ്റ് 27-നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലെത്തിയ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ആക്രമണത്തിൽ ശ്രവ്യയെയും സഹോദരിയെയും മർദ്ദിച്ച് മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. 13 കാരിയായ അവന്തികയ്ക്ക് കഴുത്തിലും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഏഴു വയസ്സുള്ള അവ്യുക്തിനും ക്രൂരമർദ്ദനമേറ്റു.

​പരിക്കേറ്റ നാലുപേരെയും തലശ്ശേരി മഞ്ചോടിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ ആക്രമിക്കപ്പെട്ടതിനാൽ ചൈൽഡ് ഹെൽപ്പ് ലൈനിൽ ബന്ധപ്പെട്ടെങ്കിലും പോലീസിനെ സമീപിക്കാനായിരുന്നു ലഭിച്ച നിർദ്ദേശം.

​വീട്ടിൽ അതിക്രമിച്ചുകയറൽ, പ്രായപൂർത്തിയാകാത്ത കുട്ടികളെ ആക്രമിക്കൽ, വധഭീഷണി തുടങ്ങിയ വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ