തലശ്ശേരി: മലബാർ കാൻസർ സെൻ്ററിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ സി.എസ്.ആർ സഹായത്തോടെ അത്യാധുനിക ന്യൂക്ലിക് ആസിഡ് ടെസ്റ്റിംഗ് (നാറ്റ് ) സംവിധാനം ഒരുക്കി.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ്റെ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി, മലബാർ കാൻസർ സെന്ററിൽ രക്തദാതാക്കളിൽ നിന്ന് ശേഖരിക്കുന്ന രക്തത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി അത്യാധുനിക കോബാസ് 5800 (Cobas 5800) ഫുള്ളി ഓട്ടോമേറ്റഡ് റിയൽ ടൈം പി.സി.ആർ അധിഷ്ഠിത ന്യൂക്ലിക് ആസിഡ് ടെസ്റ്റിംഗ് സംവിധാനം സ്ഥാപിച്ചത്.
അക്കാദമിക് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ സൗത്ത് സോൺ സോണൽ മാനേജർ കെ. മുരളീധർ പദ്ധതി എം.സി.സി ഡയറക്ടർ ഡോ. സതീശൻ ബി ക്ക് കൈമാറി. 2.78 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ഈ പദ്ധതി, എൽഐസി ജിജെഎഫിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും ബൃഹത്തായ സി.എസ്.ആർ. പദ്ധതിയാണ്.
രക്തത്തിലൂടെ പകരുന്ന എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ അണുബാധകൾ സെറോളജിക്കൽ പരിശോധനകളിൽ കണ്ടെത്താൻ കഴിയാത്ത പ്രാരംഭ വിൻഡോ പീരിയഡ് ഘട്ടത്തിൽ തന്നെ അതീവ കൃത്യതയോടെ തിരിച്ചറിയാൻ ഈ അത്യാധുനിക സംവിധാനം സഹായിക്കും.
ഇതുവഴി രക്തം സ്വീകരിക്കുന്ന അർബുദ രോഗികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് രോഗികൾക്ക് കൂടുതൽ സുരക്ഷിതമായ രക്തം ലഭ്യമാക്കാനും രക്തപ്പകർച്ചയിലൂടെ പകരാവുന്ന അണുബാധകൾ ഫലപ്രദമായി തടയാനും സാധിക്കും.
ചടങ്ങിൽ എം സി സി ഡയറക്ടർ ഡോ. സതീശൻ ബി. അധ്യക്ഷത വഹിച്ചു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ സൗത്ത് സോൺ റീജിയണൽ മാനേജർ (മാർക്കറ്റിംഗ്) കെ.കെ. ബിജുമോൻ മുഖ്യപ്രഭാഷണം നടത്തി. ട്രാൻസ്ഫ്യൂഷൻ മെഡിസിൻ അഡീഷണൽ പ്രൊഫ. ഡോ. മോഹൻദോസ് എം. പദ്ധതി വിശദീകരണം നടത്തി.
ക്ലിനിക്കൽ ലാബ് സർവീസസ് വിഭാഗം മേധാവി ഡോ. സംഗീത കെ. നയനാർ, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ കോഴിക്കോട് സീനിയർ ഡിവിഷണൽ മാനേജർ അജു മാത്യൂസ് എന്നിവർ ആശംസകൾ നേർന്നു. ഡോ. സിതാര അരവിന്ദ് സ്വാഗതവും ഡോ. ജിതിൻ ടി കെ നന്ദിയും രേഖപ്പെടുത്തി.
