തലശ്ശേരി: പൊലീസിന് നേരെ ബോംബെറിഞ്ഞ് കൊലപാതകശ്രമം നടത്തിയ കേസിൽ ബിജെപി പ്രവർത്തകന് പത്തു വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. ഒന്നാംപ്രതി എരഞ്ഞോളി കൊടക്കളത്തെ പാലാപ്പറമ്പിൽ കെ. പ്രബേഷിനെയാണ് (34) തലശ്ശേരി രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എം. തുഷാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവ് അനുഭവിക്കണം.
രണ്ടാംപ്രതിയായ കൊടക്കളത്തെ ബേബി നിവാസിൽ പി. സൂരജ് (35) വിചാരണക്കാലത്ത് ഹാജരാകാത്തതിനാൽ ഇയാൾക്കെതിരെയുള്ള കേസ് പിന്നീട് വീണ്ടും പരിഗണിക്കും.
2016 ഒക്ടോബർ 30ന് രാത്രി പൊന്ന്യം നായനാർ റോഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കതിരൂർ നാമത്ത് മുക്കിൽനിന്ന് നായനാർ റോഡ് ഭാഗത്തേക്ക് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന കതിരൂർ പോലീസ് സ്റ്റേഷനിലെ ജീപ്പിന് (KL 01 BK 6238) നേരെയാണ് ബോംബേറുണ്ടായത്. ജീപ്പ് വേഗത്തിൽ മുന്നോട്ട് പോയതിനാൽ ബോംബ് വാഹനത്തിന്റെ പിറകിൽ വീണ് പൊട്ടുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. ജയശ്രീ ഹാജരായി.
