തലശ്ശേരി: തലശ്ശേരി-മാഹി ബൈപാസിലെ ബാലം അണ്ടർപാസിൽ അപകടങ്ങൾ പതിവാകുന്നു. സർവീസ് റോഡുകളും വിലങ്ങനെയുള്ള റോഡുകളും സംഗമിക്കുന്ന ഈ ഭാഗത്ത് മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.
കൊളശ്ശേരി ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിൽ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനുണ്ടായിരുന്ന ഹമ്പുകൾ അടുത്തിടെ നീക്കം ചെയ്തിരുന്നു. ഇതോടെ വാഹനങ്ങൾ അമിത വേഗത്തിൽ അടിപ്പാതയിലേക്ക് പ്രവേശിക്കുന്നത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്.
തലശ്ശേരി - മട്ടന്നൂർ വിമാനത്താവള റോഡിന്റെ ഭാഗമായതിനാൽ മമ്പറം, അഞ്ചരക്കണ്ടി റൂട്ടുകളിൽ എപ്പോഴും വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്.
മമ്പറം ഭാഗത്തു നിന്ന് തലശ്ശേരിയിലേക്ക് പോകുന്ന വാഹനങ്ങളും സർവീസ് റോഡ് വഴി എത്തുന്ന വാഹനങ്ങളും അടിപ്പാതയിൽ കൂട്ടിമുട്ടുന്ന സാഹചര്യമാണുള്ളത്. രാത്രികാലങ്ങളിൽ ഈ ഭാഗത്ത് അപകടസാധ്യത വർധിക്കുന്നു.
ഇതിനകം നിരവധി ചെറിയ അപകടങ്ങൾ ഇവിടെ സംഭവിച്ചു കഴിഞ്ഞു. വലിയ അപകടങ്ങൾ ഒഴിവാക്കാൻ നാട്ടുകാരും പൊലീസും ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് പൊതുവായ ആവശ്യം. സർവീസ് റോഡിൽ അടിയന്തരമായി ഹമ്പ് സ്ഥാപിക്കണമെന്ന് നാട്ടുകാരും ഡ്രൈവർമാരും ആവശ്യപ്പെടുന്നു.
