കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി വെന്തുമരിച്ചു. അപകടത്തിൽ യുവതിയുടെ ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു. ചെറുവണ്ണൂർ സ്വദേശി പൂവത്തുംചാലിൽ ലാലുവിന്റെ ഭാര്യ സോനയാണ് മരിച്ചത്. ഏഴ് മാസം ഗർഭിണിയായിരുന്നു സോന. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ ചെറുവണ്ണൂരിൽ ഡോക്ടറെ കണ്ട് മടങ്ങിവരുന്നതിനിടെയായിരുന്നു ദുരന്തം.
സോന കാറിന്റെ പിൻസീറ്റിലായിരുന്നു ഇരുന്നിരുന്നത്. ലാലുവാണ് വാഹനം ഓടിച്ചിരുന്നത്. വാഹനത്തിൽ പുക ഉയർന്നയുടൻ ലാലുവിന് ഡോർ തുറന്ന് പുറത്തിറങ്ങാൻ സാധിച്ചെങ്കിലും, ഡോർ ലോക്കായതിനെ തുടർന്ന് സോനയ്ക്ക് പുറത്തുകടക്കാനായില്ല. നാട്ടുകാർ ഓടിയെത്തി സോനയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വാതിൽ തുറക്കാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേക്കും കാർ പൂർണ്ണമായും കത്തിയമർന്നിരുന്നു.
തുടർന്ന് സോനയെ പേരാമ്പ്ര കല്ലോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ലാലുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
