കോഴിക്കോട്: പേരാമ്പ്ര വെള്ളിയൂരില്‍ സ്വകാര്യ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 22 പേര്‍ക്ക് പരിക്കേറ്റു.
ഇന്ന് ഉച്ചകഴിഞ്ഞ് 2.45-ഓടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന 'അജ്ഫാന്‍' ബസും എതിരെ വന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തെത്തുടർന്ന് ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.
ഇയാള്‍ പിന്നീട് ചികിത്സ തേടിയതായാണ് വിവരം. ബസ് ഡ്രൈവറുടെ സീറ്റിന് പിന്നിലിരുന്ന സ്ത്രീയെയും ടാങ്കര്‍ ലോറി ഡ്രൈവറെയും ഫയര്‍ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
മാനസ, നജ, അതുല്യ, പ്രകാശന്‍, അജിത്ത്, നിഖില്‍ തുടങ്ങി പരിക്കേറ്റ എല്ലാവരെയും പേരാമ്പ്രയിലെയും കോഴിക്കോട്ടെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി.
