കോഴിക്കോട്: നരിക്കുനിയില്‍ കടമുറിക്കുള്ളില്‍ യുവാവ് സ്വയം തീകൊളുത്തി ജീവനൊടുക്കി. പറമ്പില്‍ ബസാർ സ്വദേശി വിനേഷ് കുമാറാണ് മരിച്ചത്.
വിനേഷിനൊപ്പമുണ്ടായിരുന്ന ഒമ്പത് വയസ്സുകാരിയായ മകള്‍ക്ക് പൊള്ളലേറ്റു. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ICU) പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് നരിക്കുനി-കൊടുവള്ളി റോഡിലെ കടമുറിക്കുള്ളില്‍ നിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. അകത്തു നിന്ന് ശബ്ദം കേട്ടതോടെ നാട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
നരിക്കുനിയില്‍ നിന്നെത്തിയ ഫയർഫോഴ്സ് സംഘം കടയുടെ ഷട്ടർ തകർത്ത് അകത്തു കടന്നപ്പോഴാണ് പൊള്ളലേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം നടത്തിയ തിരച്ചിലിലാണ് വിനേഷ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവ സ്ഥലത്തു നിന്ന് പൊലിസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കടുത്ത സാമ്പത്തിക പ്രയാസമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നും മരണത്തില്‍ മറ്റാർക്കും പങ്കില്ലെന്നും കുറിപ്പില്‍ പറയുന്നു.
പുക ശ്വസിച്ചും പൊള്ളലേറ്റും ഗുരുതരാവസ്ഥയിലായ കുട്ടിയെ മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടി നിലവില്‍ നിരീക്ഷണത്തിലാണ്.
സംഭവത്തില്‍ കൊടുവള്ളി പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നും സാമ്പത്തിക ബാധ്യതയാണ് കാരണമെന്നും പൊലിസ് സ്ഥിരീകരിച്ചു.
