Zygo-Ad

അഭിഭാഷകയെ മർദിച്ച പ്രതിക്ക് സ്റ്റേഷൻ ജാമ്യം പോലീസ് നടപടിയിൽ ബാർ അസോസിയേഷൻ പ്രതിഷേധത്തിൽ

 


തലശ്ശേരി: കുടുംബകോടതിയിൽ വെച്ച് വനിതാ അഭിഭാഷകയെ മർദിച്ച പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട പോലീസ് നടപടിയിൽ ജില്ലാ കോടതി ബാർ അസോസിയേഷൻ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. നിസ്സാര വകുപ്പുകൾ ചുമത്തി പ്രതിക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കാൻ പോലീസ് ഒത്തുകളിച്ചെന്നാണ് അഭിഭാഷകരുടെ പരാതി.

തിരുവനന്തപുരം മുട്ടക്കട സ്വദേശിയും ജില്ലാ കോടതിയിലെ അഭിഭാഷകയുമായ പി വി സോണിക്ക് (55) ആണ് മർദനമേറ്റത്. ചൊവ്വാഴ്ച പകൽ 12:15 ഓടെ കുടുംബകോടതി വെയ്റ്റിങ് റൂമിൽ വെച്ച് വിളക്കോട്ടൂർ കീഴാലി പൊയിൽ വീട്ടിൽ കെ പി ദിവാകരൻ (53) മർദിച്ചതായാണ് പരാതി നൽകിയിട്ടുള്ളത്. ദിവാകരന്റെ ഭാര്യക്ക് വേണ്ടി കുടുംബകോടതിയിലെ കേസിൽ ഹാജരാകുന്നത് സോണിയാണ്. അതേസമയം, അഭിഭാഷക തങ്ങളെ തടഞ്ഞുവെച്ച് അടിച്ചെന്ന ദിവാകരന്റെ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്.

കോടതിക്കുള്ളിൽ വെച്ച് അഭിഭാഷക ആക്രമിക്കപ്പെട്ട സംഭവം തലശ്ശേരി കോടതിയുടെ ചരിത്രത്തിൽ ആദ്യത്തേതാണെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കോടതിയിൽ നടന്ന കാര്യങ്ങൾ സ്റ്റേഷൻ ഹൗസ് ഓഫീസറെ കണ്ട് ബോധ്യപ്പെടുത്തിയിട്ടും നീതി ലഭിച്ചില്ല. സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റം ചെയ്തയാൾക്കെതിരെ ശക്തമായ വകുപ്പുകൾ ചേർക്കുന്നതിന് പകരം പ്രതിയുടെ സ്വാധീനത്തിന് വഴങ്ങി എളുപ്പം ജാമ്യം ലഭിക്കാവുന്ന രീതിയിലാണ് പോലീസ് പ്രവർത്തിച്ചതെന്ന് ബാർ അസോസിയേഷൻ കുറ്റപ്പെടുത്തി.

പ്രതിഷേധ യോഗത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് കെ പി ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റുമാരായ ജി പി ഗോപാലകൃഷ്ണൻ, പ്രീതി പറമ്പത്ത്, യു ഗീത, സുരേഷ് കുമാർ, വി രത്നാകരൻ തുടങ്ങിയവർ സംസാരിച്ചു. ഇടതുപക്ഷ അഭിഭാഷക സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ കോടതി ഗേറ്റിന് മുന്നിലും പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ലോയേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ബി പി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സി കെ അജയൻ അധ്യക്ഷനായി. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ജില്ലാ പ്രസിഡന്റ് പി അജയകുമാർ, ലോയേഴ്സ് യൂണിയൻ വനിതാ സബ് കമ്മിറ്റി കൺവീനർ ഷർമിള മതുമ്മൽ തുടങ്ങിയവരും സംസാരിച്ചു. പി പ്രദീപൻ സ്വാഗതവും എൻ ഉമേഷ് നന്ദിയും രേഖപ്പെടുത്തി.

 

വളരെ പുതിയ വളരെ പഴയ