Zygo-Ad

തലശ്ശേരിയിൽ വ്യാജ ട്രേഡ് മാർക്കിൽ വിൽപനയ്ക്ക് വച്ച ബിരിയാണി അരി പോലീസ് പിടിച്ചെടുത്തു

 


തലശ്ശേരി: വ്യാജ ട്രേഡ് മാർക്കിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന എഴുപത് ബാഗ് ഇന്ത്യ കിംഗ് ഗോൾഡ് ബിരിയാണി അരി തലശ്ശേരി പോലീസ് കണ്ടെടുത്തു. തലശ്ശേരി മെയ്ൻ റോഡിലെ എ.കെ. ട്രേഡേഴ്സ് എന്ന അരി മൊത്തക്കച്ചവട കേന്ദ്രത്തിൽ നിന്നാണ് ടൗൺ പോലീസ് സംഘം അരി കസ്റ്റഡിയിലെടുത്തത്. തലശ്ശേരി എ.സി.പി. ഡോ. നന്ദഗോപാൽ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരമായിരുന്നു റെയ്ഡ്. ജംസി എക്സ്പോർട്ട്സ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.

കസ്റ്റഡിയിലെടുത്ത അരി മട്ടാമ്പ്രത്തുള്ള ഒരു ഗോഡൗണിലേക്ക് മാറ്റിയിട്ടുണ്ട്. ബ്രാൻഡ് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനായി പിടിച്ചെടുത്ത അരിയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് ചെന്നൈയിലെ ലബോറട്ടറിയിലേക്ക് അയക്കും. പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം.

ജംസി എക്സ്പോർട്ട്സ് ആൻഡ് കമ്പനിയുടെ രജിസ്റ്റേഡ് മാർക്കായ ഇന്ത്യ കിംഗ് ഗോൾഡ് എന്ന പേര് ദുരുപയോഗം ചെയ്താണ് എ.കെ. ട്രേഡേഴ്സിൽ വ്യാജ അരി വിൽപന നടത്തിയിരുന്നത്. ഏതാണ്ട് നാല് ലക്ഷം രൂപ വിലമതിക്കുന്ന അരി ഇവിടെ സ്റ്റോക്ക് ചെയ്തിരുന്നതായി പരാതിക്കാരുടെ അഭിഭാഷക അഡ്വ. അൻവിത അനൂപ് വ്യക്തമാക്കി. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുഹമ്മദ് അജ്സൽ ആൻഡ് ഷൈജു അസോസിയേറ്റ്സിന്റെ ലീഗൽ ഫേം വഴിയാണ് കമ്പനി നിയമനടപടികൾ സ്വീകരിച്ചത്.

അതേസമയം, തങ്ങളുടെ മൊത്തക്കച്ചവട സ്ഥാപനത്തിൽ വിവിധ ബ്രാൻഡുകളിലുള്ള അരികൾ വിൽപനയ്ക്കായി എത്താറുണ്ടെന്നും, ആ കൂട്ടത്തിലാണ് ഇന്ത്യ കിംഗ് ഗോൾഡ് അരിയും എത്തിയതെന്നുമാണ് എ.കെ. ട്രേഡേഴ്സ് ഉടമ എ.കെ. മുസ്സമ്മിൽ പ്രതികരിച്ചത്. പശ്ചിമ ബംഗാളിൽ നിന്നാണ് മുപ്പത് കിലോയുടെ ബാഗുകളിൽ ഈ അരി എത്തുന്നതെന്നും കിലോയ്ക്ക് 170 രൂപ നിരക്കിലാണ് വിൽപന നടത്തിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

വളരെ പുതിയ വളരെ പഴയ