തലശ്ശേരി: മാറാരോഗങ്ങളും വേദനകളും അനുഭവിക്കുന്നവർക്ക് ആശ്വാസമേകേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും രോഗാവസ്ഥയിലും ജീവിതത്തിന്റെ സന്തോഷം നിലനിർത്താൻ സാന്ത്വന പരിചരണത്തിന് കഴിയുമെന്നും പ്രശസ്ത സാന്ത്വന പരിചരണ പരിശീലക സി കെ ബുഷ്റ പ്രസ്താവിച്ചു. ബൈത്തുൽമാൽ ചാരിറ്റി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാന്ത്വന പരിചരണത്തിന്റെ ആർദ്രത എന്ന വിഷയത്തിലെ പ്രത്യേക ക്ലാസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
രോഗാവസ്ഥയിലുള്ളവരോട് സഹതാപമല്ല, മറിച്ച് അവരെ ചേർത്തുപിടിക്കാനുള്ള ആർദ്രതയാണ് പൊതുസമൂഹം കാണിക്കേണ്ടതെന്ന് അവർ ഓർമ്മിപ്പിച്ചു. ശാസ്ത്രീയമായ പരിചരണത്തിലൂടെയും മാനസികമായ പിന്തുണയിലൂടെയും കിടപ്പുരോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ചടങ്ങിൽ കെ പി ഉമ്മർ കുട്ടി അധ്യക്ഷത വഹിച്ചു. പ്രൊഫ. എ പി സുബൈർ ആമുഖഭാഷണം നിർവ്വഹിച്ചു. ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകരായ പി എം അബ്ദുൽ ബഷീർ, പി എം അഷറഫ്, പി ഇഖ്ബാൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു. നിരവധി വിദ്യാർത്ഥിനികളും, സന്നദ്ധപ്രവർത്തകരും, പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.
