Zygo-Ad

വടകര പണിക്കോട്ടിയില്‍ വീട് കുത്തിത്തുറന്ന് 5 പവൻ ആഭരണങ്ങളും പണവും കവര്‍ന്നു; തെളിവ് നശിപ്പിക്കാൻ സിസിടിവി ഡിവിആറും കടത്തി


വടകര: പണിക്കോട്ടിയില്‍ അടച്ചിട്ടിരുന്ന വീടിന്റെ മുൻവാതില്‍ കുത്തിത്തുറന്ന് വൻ കവർച്ച.

അഞ്ചരപ്പവനോളം വരുന്ന സ്വർണ്ണ-വെള്ളി ആഭരണങ്ങളും പണവും സിസിടിവി ഡിവിആറും അടക്കം അഞ്ച് ലക്ഷത്തോളം രൂപയുടെ മുതലുകളാണ് കള്ളന്മാർ കവർന്നത്. പണിക്കോട്ടി റോഡിലെ അമ്മാരൻകണ്ടിയിലെ 'ധ്വനി'യില്‍ സുരാജ് ബാബു എൻ.കെ-യുടെ വീട്ടിലാണ് മോഷണം നടന്നത്.

മേയ് 25-ാം തീയതി രാത്രി എട്ട് മണിക്കും ഇന്ന് രാവിലെ പത്ത് മണിക്കും ഇടയിലുള്ള സമയത്താണ് കവർച്ച നടന്നതെന്നാണ് കരുതുന്നത്. വീട്ടുകാർ ഇല്ലാത്ത സമയം നോക്കിയെത്തിയ മോഷ്ടാക്കള്‍ വീടിന്റെ മുൻഭാഗത്തെ വാതില്‍ കുത്തിത്തുറന്നാണ് അകത്തു കടന്നത്. 

തുടർന്ന് രണ്ട് ബെഡ്‌റൂമുകളിലെയും അലമാരകള്‍ തകർത്ത് അകത്ത് സൂക്ഷിച്ചിരുന്ന 4 പവൻ സ്വർണ്ണാഭരണങ്ങളും, ഒരു പവൻ വെള്ളി ആഭരണങ്ങളും, 15,000 രൂപയും കവരുകയായിരുന്നു.

മോഷണ വിവരവും പ്രതികളുടെ ദൃശ്യങ്ങളും പുറത്തു പോകാതിരിക്കാൻ വീടിനകത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയുടെ ഡിവിആറും വൈഫൈ മോഡവും കള്ളന്മാർ ഒപ്പം കൊണ്ടുപോയിട്ടുണ്ട്. 

വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് പൂട്ട് തകർത്ത നിലയിലും സാധനങ്ങള്‍ വലിച്ച്‌ വാരിയിട്ട നിലയിലും കണ്ടത്. ഉടൻ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

 പരാതിക്കാരനായ സുരാജ് ബാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും.

വളരെ പുതിയ വളരെ പഴയ