Zygo-Ad

തലശ്ശേരി നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം; റോഡരികിലെ കാടുകൾ വെട്ടിമാറ്റണമെന്നും ഓവുചാലുകൾ വൃത്തിയാക്കണമെന്നും ആവശ്യം

 


തലശ്ശേരി: സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ റോഡരികിലെ കാടുകൾ വെട്ടിമാറ്റി കുട്ടികളുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്ന് നഗരസഭാ പ്രതിപക്ഷ പാർട്ടി കൗൺസിലർ എ ഷർമ്മിള കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. ലിമിറ്റഡ് ബസ്സുകൾ കടന്നുപോകുമ്പോൾ റോഡിന്റെ സൈഡിലേക്ക് ഒഴിഞ്ഞുമാറി നിൽക്കാൻ പോലും സാധിക്കാത്ത വിധം കാടുകൾ വളർന്നുനിൽക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി. നഗരസഭയിലെ വാർഡുകളിൽ മഴക്കാലപൂർവ്വ ശുചീകരണം ഇതുവരെ പൂർത്തീകരിച്ചിട്ടില്ലെന്ന് ടി വി റാഷിദ ടീച്ചർ യോഗത്തിൽ പറഞ്ഞു.

സതേൺ വിന്നേഴ്സ് മുതൽ കുയ്യാലി റെയിൽവേ ഗേറ്റ് വരെയുള്ള ഓവുചാലുകളിൽ നിന്ന് കോരിയെടുത്ത മാലിന്യങ്ങൾ റോഡരികിലും സ്വകാര്യ വ്യക്തികളുടെ പറമ്പിലുമായി തള്ളിയിരിക്കുകയാണെന്നും, ഇവ എത്രയും പെട്ടെന്ന് എടുത്തുമാറ്റണമെന്നും വാർഡ് കൗൺസിലർ മുസൈറ കരിയാടൻ ആവശ്യപ്പെട്ടു. തീരദേശ വാർഡുകളിൽ യന്ത്രങ്ങൾ ഉപയോഗിച്ച് വൃത്തിയാക്കാൻ പറ്റാത്ത ഓവുചാലുകളിലെ സ്ലാബുകൾ നീക്കി തൊഴിലാളികളെ ഉപയോഗിച്ച് വൃത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് അബ്ദുൾ റഹ്മാൻ ടി പി ആവശ്യപ്പെട്ടു.

മാരിയമ്മ വാർഡിലെ അങ്കണവാടി നിർമ്മാണം വെള്ളക്കെട്ടിന്റെ പേര് പറഞ്ഞ് നിർത്തിവെച്ചിരിക്കുകയാണെന്ന് നൂറ ടീച്ചർ ആരോപിച്ചു. തൊട്ടടുത്ത് ഇതേ പ്ലോട്ടിൽ രണ്ടുനില വീടിന്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ടെന്നും, കരാറുകാരുടെയും അധികൃതരുടെയും അനാസ്ഥ കാരണമാണ് അങ്കണവാടി പ്രവൃത്തി നീണ്ടുപോകുന്നതെന്നും അവർ പറഞ്ഞു. തലശ്ശേരി പഴയ ബസ് സ്റ്റാൻഡിലെ മത്സ്യമാർക്കറ്റ് ശുചീകരിക്കാത്ത വിഷയം ഷഹനാസ് മൻസൂർ യോഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.

കൗൺസിലർമാരായ പ്രശാന്ത്, ഷംസീന, റുബ്സീന, സറീല, സി ഒ ടി ഷബീർ, അഷറഫ്, നഗരസഭ സെക്രട്ടറി സുരേഷ്, മിലിചന്ദ്ര, ഇ ആശ എന്നിവരും യോഗത്തിൽ സംസാരിച്ചു. നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

 

വളരെ പുതിയ വളരെ പഴയ