കോഴിക്കോട് വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി ശരീരത്തിൽ പെട്രോളൊഴിച്ച് തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ മരണപ്പെട്ടു. തിരുവള്ളൂർ സ്വദേശിയായ ചിരികണ്ടോത്ത് ഇബ്രാഹിം (71) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.
കോൺഗ്രസ് നേതാവും കോഴിക്കോട് ഡിസിസി സെക്രട്ടറിയുമായ സുധീർ കുമാറിന്റെ വീട്ടിലെത്തിയാണ് ഇബ്രാഹിം ജീവനൊടുക്കാൻ ശ്രമിച്ചത്. കടത്തനാട് ലേബർ കോൺട്രാക്ട് ആൻഡ് സർവീസ് സൊസൈറ്റിയിൽ ഇബ്രാഹിം നിക്ഷേപിച്ച അരക്കോടിയിലധികം രൂപ തിരികെ ലഭിക്കാത്തതിലുള്ള കടുത്ത മനോവിഷമം മൂലമാണ് ഈ ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. സുധീർ കുമാർ ഈ സൊസൈറ്റിയുടെ ഡയറക്ടർമാരിൽ ഒരാളാണ്.
കഴിഞ്ഞ ദിവസം സുധീറിന്റെ വീട്ടിലെത്തിയ ഇബ്രാഹിം ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. ശരീരത്തിൽ അറുപത് ശതമാനത്തിലധികം ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
