ധർമ്മടം: മേലൂർ കലാമന്ദിരം വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെയും വിവിധ പ്രാദേശിക ക്ലബ്ബുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്കും പ്രതിഭകൾക്കും ആദരവ് നൽകി. ധർമ്മടം പഞ്ചായത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എൻ. ശ്രീജിന, എൻ. നിമിത എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി. ഇതോടൊപ്പം ലോക ചെസ്സ് ഫെഡറേഷൻ അർബിറ്ററായി തിരഞ്ഞെടുക്കപ്പെട്ട മേലൂർ സ്വദേശി അഭിജിത്ത് ചെന്താരയെ ചടങ്ങിൽ അനുമോദിച്ചു.
മേലൂർ ഹോമിയോ ഡിസ്പെൻസറി പരിസരത്ത് നടന്ന പരിപാടി കണ്ണൂർ യൂണിവേഴ്സിറ്റി റിട്ട. പ്രൊഫസർ ഡോ. ഗ്രിഗറി ഉദ്ഘാടനം ചെയ്തു. കെ.കെ. രമേശൻ അധ്യക്ഷത വഹിച്ചു. വടവതി വാസു ക്ലബ്ബ്, ചാലഞ്ചേഴ്സ് ക്ലബ്ബ്, വേണാടൻ കുമാരൻ ക്ലബ്ബ്, ക്ലാസിക് ക്ലബ്ബ്, വ്യായാമ കലാകേന്ദ്രം ക്ലബ്ബ് എന്നീ സംഘടനകൾ പരിപാടിയിൽ ആശംസകൾ നേർന്നു.
മുൻ ധർമ്മടം പഞ്ചായത്ത് അംഗങ്ങളായ പി. മൈഥിലി, കെ. ശോഭ എന്നിവർ ചേർന്ന് പുതിയ മെമ്പർമാരെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ചടങ്ങിൽ വി.എം. ജനാർദ്ദനൻ, കെ. അഭിനേഷ്, എ. സദാനന്ദൻ, വി.എം. കനകൻ എന്നിവർ സംസാരിച്ചു.
