വയനാട്: അഞ്ച് മാസം മുൻപ് ഇസ്രയേലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബത്തേരി സ്വദേശി ജിനേഷിന്റെ ഭാര്യ രേഷ്മ (വയനാട് കോളേരി സ്വദേശി) ജീവനൊടുക്കി.
ഭർത്താവിന്റെ വേർപാടിനെത്തുടർന്നുണ്ടായ കടുത്ത മനോവിഷമമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ജറുസലേമിന് സമീപമുള്ള മേവസേരേട്ട് സിയോനില്‍ കെയർ ഗിവറായി ജോലി ചെയ്തിരുന്ന ജിനേഷിനെ അഞ്ച് മാസം മുൻപാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിനേഷിനോടൊപ്പം അദ്ദേഹം പരിചരിച്ചിരുന്ന വയോധികയെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
വയോധികയ്ക്ക് കുത്തേറ്റ നിലയിലും ജിനേഷിനെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഈ മരണങ്ങളിലെ ദുരൂഹത നീങ്ങുന്നതിന് മുൻപേയാണ് കുടുംബത്തെ വീണ്ടും കണ്ണീരിലാഴ്ത്തിക്കൊണ്ട് രേഷ്മയുടെ വിയോഗം.
ജിനേഷിന്റെ അപ്രതീക്ഷിത മരണം രേഷ്മയെ മാനസികമായി തളർത്തിയിരുന്നു. രണ്ട് ദിവസം മുൻപാണ് രേഷ്മ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു പ്രവാസി കുടുംബത്തിന്റെ സ്വപ്നങ്ങള്‍ ഇതോടെ പൂർണ്ണമായും തകർന്നിരിക്കുകയാണ്.
