കോഴിക്കോട്: താമരശ്ശേരിയില്‍ എട്ടുമാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ പങ്കാളി അറസ്റ്റിൽ.
കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനെയാണ് കോടഞ്ചേരി പൊലിസ് പിടികൂടിയത്. ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസമാണ് ഷാഹിദ് റഹ്മാൻ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊള്ളിച്ചത്.
യുവതിയുടെ കൈകള്‍ക്കും കാലുകള്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വീട്ടില്‍ ബഹളമുണ്ടാക്കിയതിന് ഷാഹിദിനെ പൊലിസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാല്‍ പൊലിസ് വിട്ടയച്ചതിന് പിന്നാലെ വീട്ടിലെത്തിയ ഇയാള്‍ കൂടുതല്‍ അക്രമാസക്തനാവുകയും യുവതിയെ ക്രൂരമായി ഉപദ്രവിക്കുകയുമായിരുന്നു.കഴിഞ്ഞ ഒരു വർഷമായി ഇരുവരും ലിവിങ് ടുഗദർ (Living Together) റിലേഷനിലായിരുന്നു കഴിഞ്ഞിരുന്നത്.
യുവതിയുടെ വെളിപ്പെടുത്തല്‍
കഴിഞ്ഞ ഏതാനും മാസങ്ങളായി ഷാഹിദ് തന്നെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞു.
ലഹരിക്കടിമയായ ഇയാള്‍ സ്വന്തം മാതാവിനെപ്പോലും ഉപദ്രവിക്കാറുണ്ടെന്നും ഭയം കാരണമാണ് ആരും പ്രതികരിക്കാതിരുന്നതെന്നും യുവതി വെളിപ്പെടുത്തി.
യുവതിയെ ആദ്യം കോടഞ്ചേരിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരിക്കുകള്‍ ഗുരുതരമായതിനാല്‍ പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സംഭവത്തില്‍ പൊലിസിന്റെ ഭാഗത്തു നിന്ന് ആദ്യഘട്ടത്തില്‍ വീഴ്ചയുണ്ടായെന്ന് ആക്ഷേപമുയർന്നിരുന്നു. നിലവില്‍ പ്രതിയെ അറസ്റ്റ് ചെയ്ത പൊലിസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

