വടകര: തിരുവള്ളൂർ ആള്‍ക്കൂട്ട മർദനത്തില്‍ പരാതി നല്‍കി ആക്രമണത്തിന് ഇരയായ യുവാവിൻ്റെ കുടുംബം. കല്പത്തൂർ സ്വദേശിയായ യുവാവ് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നാണ് പരാതിയില്‍ പറയുന്നത്.
നടന്ന ആള്‍ക്കൂട്ട മർദനം കൊലപാതക ശ്രമമാണെന്നും യുവാവിൻ്റെ ബന്ധുകള്‍ ആരോപിച്ചു. രോഗിയായ യുവാവ് മരിച്ചുപോകുമെന്നറിഞ്ഞ് കൊണ്ടാണ് മർദിച്ചത്. പൊലീസ് നാളെ യുവാവിൻ്റെ മൊഴിയെടുക്കുമെന്നറിയിച്ചതായും ബന്ധു മുനീർ പറഞ്ഞു.
വാഹനം ഇടിപ്പിച്ചു എന്ന് ആരോപിച്ചാണ് കഴിഞ്ഞദിവസം യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചത്. വാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപിച്ച് തടഞ്ഞുവച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം മർദിച്ചത്. പേരാമ്ബ്ര സ്വദേശിയായ യുവാവിനാണ് മർദനമേറ്റത്. ആക്രമണത്തില്‍ യുവാവിൻ്റെ തലയ്ക്കും കയ്യിനും പരിക്കേറ്റിട്ടുണ്ട്.
നിരവധി തവണ ക്ഷമാപണം നടത്തിയിട്ടും വാഹനം ശരിയാക്കിത്തരാമെന്ന് പറഞ്ഞിട്ടും മർദനം തുടർന്നു എന്നാണ് വിവരം. അക്രമത്തിനിരയായ വ്യക്തി മാനസിക പ്രയാസമുള്ളയാളാണെന്ന് പ്രദേശവാസികളും പറഞ്ഞിരുന്നു.
