Zygo-Ad

പൊതുസ്ഥലത്ത് തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരേ നടപടി


 തലശ്ശേരി :പൊതുസ്ഥലത്ത് തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരേ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം.ജമുനാറാണി നഗരസഭായോഗത്തിൽ പറഞ്ഞു. തെരുവുനായശല്യത്തിന് പരിഹാരം കാണണമെന്ന് ഫൈസൽ പുനത്തിലും ടി.പി.ഷാനവാസും യോഗത്തിൽ ആവശ്യപ്പെട്ടു.

കസ്റ്റംസ് ഓഫീസ് പരിസരത്തെ അപകടാവസ്ഥയിലായ ആൽമരം മുറിച്ചുമാറ്റണമെന്നും കടൽപ്പാലത്തിനു സമീപം പ്രവർത്തനരഹിതമായ ഉയരവിളക്ക് നീക്കണമെന്നും ഫൈസൽ പറഞ്ഞു. കൊടുവള്ളിപ്പാലം കവലയിൽ ദേശീയപാതയിൽ ട്രാഫിക് അയലൻഡും ഉയരവിളക്കും വേണമെന്നും ആവശ്യപ്പെട്ടു.ട്രാഫിക് അയലൻഡ് സംബന്ധിച്ച ആവശ്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും മഴമാറിയാൽ നഗരത്തിലെ റോഡുകളുടെ പ്രവൃത്തി തുടങ്ങുമെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.

തലശ്ശേരിയിൽ സബ് സ്റ്റേഷൻ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ നിർമാണത്തിന് സ്ഥലം കണ്ടെത്തണമെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു.ടിസി മുക്കിൽ റോഡരികിൽ അനധികൃതമായി ഓട്ടോ നിർത്തിയിടുന്നതായി എൻ.അജേഷ് പറഞ്ഞു. കണ്ടിക്കലിൽ കക്കൂസ് മാലിന്യം തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കുക, മാരിയമ്മ വാർഡിൽ വെള്ളക്കെട്ടിന് പരിഹാരം കാണുക, ലോഗൻസ് റോഡ്‌ നവീകരണം പൂർത്തിയാക്കുക, പഴയ ബസ് സ്റ്റാൻഡ് പരിസരത്തിന്റെ സൗന്ദര്യവത്കരണം പൂർത്തിയാക്കുക, ജനറൽ ആസ്പത്രിയിലെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിച്ചു.

വളരെ പുതിയ വളരെ പഴയ