കോഴിക്കോട്: എരഞ്ഞിപ്പാലത്ത് സരോവരം റോഡിലെ പെണ്‍കുട്ടി ആണ്‍ സുഹൃത്തിൻ്റെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. ആയിഷ റഷ(21)യാണ് തൂങ്ങി മരിച്ചത്. അത്തോളി തോരായി സ്വദേശിനിയാണ്. ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ ജിം ട്രെയിനറാണ്. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ റഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആണ്‍ സുഹൃത്തിൻ്റെ വീട്ടിലെത്തിയത്.
മംഗലാപുരത്ത് പഠിക്കുന്ന കുട്ടി കോഴിക്കോട് എങ്ങിനെ എത്തിയെന്നും അപായപ്പെടുത്തിയതിന് പിന്നില്‍ സുഹൃത്ത് ബഷീറുദ്ദീൻ ആണെന്നും കുടുംബം ആരോപിക്കുന്നു.
സുഹൃത്ത് ആദ്യം ആയിഷയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുബഷീർ ആണ് പേരെന്ന് മാറ്റിപ്പറഞ്ഞു. ഭർത്താവ് ആണെന്ന് ആദ്യം പറഞ്ഞ യുവാവ് പിന്നീട് കാമുകനാണെന്ന് തിരുത്തുകയും ചെയ്തു.
മംഗളൂരുവില്‍ ബീ ഫാം വിദ്യാർഥിയായ ആയിഷ കോഴിക്കോട് എത്തിയ കാര്യം കുടുംബം അറിഞ്ഞിരുന്നില്ലെന്നാണ് പറയുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. എന്നാല്‍ ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു.
എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുനല്‍കും.