തലശ്ശേരി : കൃഷിയിടങ്ങൾക്കും പൊതുജനങ്ങൾക്കും ഭീഷണിയായി മാറിയ കാട്ടുപന്നികൾക്കെതിരേ ശക്തമായ പ്രതിരോധ നടപടികളുമായി എരഞ്ഞോളി ഗ്രാമപ്പഞ്ചായത്ത്. ഒന്നരവർഷത്തിനിടെ 101 കാട്ടുപന്നികളെയാണ് ഷൂട്ടറിന്റെ സഹായത്തോടെ വെടിവച്ചുകൊന്നത്. എരഞ്ഞോളി ഗ്രാമപ്പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ പന്നികൾ കൂട്ടമായിയെത്തി കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും വഴിനടക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു.
ഷൂട്ടർ സി.കെ.വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടുപന്നികളെ വെടിവെച്ചുവീഴ്ത്തിയത്. ഇവയെ കുണ്ടുർമലയിലെ ആളൊഴിഞ്ഞ മേഖലയിലാണ് സംസ്കരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എം.പി.ശ്രീഷയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയാണ് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോയത്.
2025-26 വർഷത്തെ വാർഷികപദ്ധതിയിൽ വന്യജീവികളെ തടയാൻ കൃഷിയിടത്തിൽ കമ്പിവേലികെട്ടൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എം.പി.ശ്രീഷ അറിയിച്ചു.