തലശ്ശേരിയെ പൈതൃക തീര്‍ഥാടന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള തലശ്ശേരി സ്പിരിച്വല്‍ ടൂറിസം പദ്ധതിക്ക് മെയ് 31-നുള്ളില്‍ തറക്കല്ലിടും പ്രോജക്ട് സമയ ബന്ധിതമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ അദ്ധ്യക്ഷതയില്‍, നിയമസഭാ സമുച്ചയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
പൊതുമരാമത്തും വിനോദ സഞ്ചാരവും വകുപ്പു മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം സംസ്ഥാന ടൂറിസം വകുപ്പ് സമര്‍പ്പിച്ച പ്രോജക്ടിന് കേന്ദ്ര ടൂറിസം മന്ത്രാലയം സ്വദേശ് ദര്‍ശന്‍ 2.0ല്‍ ഉള്‍പ്പെടുത്തി 25 കോടി രൂപ ഫണ്ട് അനുവദിച്ചിരുന്നു.
മെയ് 10-നുള്ളില്‍ ഭരണാനുമതിയും തുടര്‍ന്ന് സാങ്കേതികാനുമതിയും ലഭ്യമാക്കി മെയ് 31-ന് പ്രവൃത്തി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണെന്ന് ടൂറിസം വകുപ്പ് സെക്രട്ടറി അറിയിച്ചു.
പദ്ധതിയുടെ സമയ ബന്ധിതമായി നടത്തിപ്പിന് ചീഫ് സെക്രട്ടറിയുമായി ആലോചിച്ച് നോഡല്‍ ഓഫീസറെ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തലശ്ശേരി സ്പിരിച്വല്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊന്ന്യം കളരി അക്കാദമി, താഴെ അങ്ങാടി പൈതൃക പ്രദേശത്തിന്റെ പുനരുജ്ജീവനം, ചിറക്കക്കാവ് ഭഗവതി ക്ഷേത്രം, ജഗന്നാഥ ക്ഷേത്രം എന്നിവിടങ്ങളിലെ ടൂറിസ്റ്റ് അമിനിറ്റി സെന്ററുകള്‍, ചൊക്ലി തെയ്യം സാംസ്കാരിക കേന്ദ്രം എന്നീ പ്രവൃത്തികളാണ് നടപ്പാക്കുന്നത്.
2026 മാര്‍ച്ച് 31-നുള്ളില്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതി ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ചരിത്രപരവും സാംസ്കാരികപരവുമായി ഏറെ പ്രാധാന്യമുള്ള തലശ്ശേരിയിലെ സുപ്രധാന കേന്ദ്രങ്ങളുടെ നവീകരണവും വികസനവും സാധ്യമാക്കുന്നതിന് മുന്‍കയ്യെടുത്ത പൊതുമരാമത്തും വിനോദ സഞ്ചാരവും വകുപ്പു മന്ത്രിയെ അഭിനന്ദിക്കുന്നതായും പ്രസ്തുത പ്രോജക്ട് പൂര്‍ത്തിയാകുന്നതോടെ തലശ്ശേരി പൈതൃക ടൂറിസത്തിന് പുതിയ മാനം കൈവരുമെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. മനോജ് കുമാര്‍ കെ., ജനറല്‍ മാനേജര്‍ വിനോദ് കുമാര്‍, യു.എല്‍.സി.സി.എസ്. മാനേജിംഗ് ഡറക്ടര്‍ ഷാജു എസ്, കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനില്‍ പി.പി., സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എസ്. ബിജു, അര്‍ജുന്‍ എസ്. കെ. തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.