കോഴിക്കോട്: മതിയായ രേഖകളില്ലാതെ കൈവശം വെച്ചിരുന്ന പണവുമായി യുവാവ് പിടിയില്‍. കൊടുവള്ളി ഉളിയാടൻ കുന്നുമുല്‍ മുഹമ്മദ് റാഫി ആണ് അറസ്റ്റിലായത്.
പരപ്പൻപൊയില്‍ പെട്രോള്‍ പമ്പിനടുത്തു വച്ച് ഇന്ന് രാവിലെ 10 മണിക്കായിരുന്നു സംഭവം. ഇയാളുടെ പക്കലുണ്ടായിരുന്ന 38 ലക്ഷം രൂപ പോലീസ് പിടികൂടി.
വാഹന പരിശോധനയ്ക്കിടെ പോലീസിനെ വെട്ടിച്ച് കടന്നു കളയാൻ ശ്രമിച്ച യുവാവിനെ താമരശേരി പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ സ്കൂട്ടറില്‍ ഒളിപ്പിച്ച് വെച്ചിരുന്ന പണം കണ്ടെടുത്തു.
സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ പോലീസിനെ കണ്ടതോടെ പ്രതി വാഹനം വെട്ടിച്ച് കടന്ന് പോകാൻ ശ്രമിച്ചു. എന്നാല്‍ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിന്റെ സീറ്റിനടിയില്‍ അടുക്കി വെച്ചിരുന്ന നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.
പരപ്പൻപൊയില്‍ പെട്രോള്‍ പമ്പിനടുത്ത് എത്തുന്നയാള്‍ക്ക് കൈമാറാനാണ് പണം തന്നെ ഏല്‍പ്പിച്ചതെന്ന് മുഹമ്മദ് റാഫി പൊലീസിന് മൊഴി നല്‍കി.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കുഴല്‍പ്പണത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണമുള്‍പ്പെടെ നടന്നുവരികയാണ്.