Zygo-Ad

ഗാന്ധിസവും മാർക്സിസവും തമ്മിൽ അജഗജാന്തര വ്യത്യാസം: എം. കെ. രാഘവൻ എം. പി.


തലശ്ശേരി: ഗാന്ധിസവും മാർക്സിസവും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ടെന്നും, ലോകം മുഴുവൻ ഇന്ന് ഗാന്ധിയൻ ആശയങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്യുന്നതെന്നും എം. കെ. രാഘവൻ എം. പി. പ്രസ്താവിച്ചു. ജീവിച്ചിരുന്ന ഗാന്ധിജിയേക്കാൾ ഗാന്ധിയൻ ആദർശങ്ങളെ നിലവിലെ ഇന്ത്യൻ ഭരണകൂടം ഭയപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാന്ധിജയന്തി ദിനത്തിൽ തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പഴയ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച 'സർവ്വമത-ജനാധിപത്യ സംരക്ഷണ സദസ്സ്' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ വോട്ടർ പട്ടിക വികലമാക്കി ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെതിരെ കോൺഗ്രസും പ്രതിപക്ഷ കക്ഷികളും ശക്തമായ പ്രക്ഷോഭത്തിലാണെന്നും എം. പി. പറഞ്ഞു. വി. ഡി. സതീശന്റെ നേതൃത്വത്തിൽ പ്രതിപക്ഷം നടത്തുന്ന സമരങ്ങൾക്ക് ബദലായി സംസ്ഥാന സർക്കാരിനെതിരെ സി. പി. എം. നടത്തുന്നത് സമരാഭാസമാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, ബംഗാളിൽ ഉണ്ടായ അനുഭവം കേരളത്തിലും സി. പി. എമ്മിന് വിദൂരമല്ലെന്നും ഓർമ്മിപ്പിച്ചു.

ചടങ്ങിൽ എം. പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. കെ. പി. സി. സി. ട്രഷറർ വി. എ. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. സ്വാമി പ്രേമാനന്ദ, ഖത്തീബ് യാക്കൂബ് സഹദി, ഫാ. ബിബിൻ വരമ്പകത്ത്, സജീവ് മാറോളി, സി. വി. രാജൻ മാസ്റ്റർ, എം. പി. അസ്സൈനാർ, പി. കെ. സത്യാനന്ദൻ, കെ. സുരേശൻ, അനസ് ചാലിൽ, എ. ഷർമ്മിള, കെ. വി. രജീഷ്, ഷാജി എം. ചൊക്ലി എന്നിവർ സംസാരിച്ചു. പി. വി. രാധാകൃഷ്ണൻ സ്വാഗതവും ജെതീന്ദ്രൻ കുന്നോത്ത് നന്ദിയും പറഞ്ഞു.


വളരെ പുതിയ വളരെ പഴയ