Zygo-Ad

തലശ്ശേരിയിലെ സ്വർണക്കവർച്ച: കാർ തട്ടിയെടുത്ത് കൊള്ളയടിച്ച കേസിൽ പ്രധാന പ്രതി വയനാട്ടിൽ പിടിയിൽ

 


മഹാരാഷ്ട്രയിൽനിന്ന് തലശ്ശേരിയിലേക്ക് വരുന്നതിനിടെ ദേശീയപാതയിൽ എടാട്ടുവെച്ച് കാർ തടഞ്ഞുനിർത്തി സ്വർണവ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് കവർച്ച നടത്തിയ സംഘത്തിലെ പ്രധാന പ്രതികളിലൊരാൾ പിടിയിലായി. തലശ്ശേരി വടക്കുമ്പാട് മഠത്തുംഭാഗം സ്വദേശി എൻ. അതുൽ (33) ആണ് അറസ്റ്റിലായത്. വയനാട് മീനങ്ങാടിയിലെ വാടകക്വാർട്ടേഴ്‌സിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പയ്യന്നൂർ ഡിവൈ.എസ്.പി. പി.കെ. മണിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി ഉയർന്നു.

സംഭവത്തിൽ സൗരവ് സുനി, വി.വി. ജ്യോതിഷ്, അഭിനവ്, ജിജിൽ, അശ്വന്ത്, സനു സന്തോഷ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജൂൺ രണ്ടിന് പുലർച്ചെ അഞ്ചോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വർണവ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി കുമാർ ജലന്തർ നിഗമും കുടുംബവും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ആക്രമിച്ച സംഘം സ്വർണവും 55 ലക്ഷം രൂപയും കവരുകയായിരുന്നു. എസ്.ഐ. പി.ആർ. മിഥുൻ, റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.


 

വളരെ പുതിയ വളരെ പഴയ