തലശ്ശേരി: മലബാർ കാൻസർ സെന്റർ (പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച്) വിവിധ തസ്തികകളിലെ 18 ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് ഫാർമസിസ്റ്റ്, ജൂനിയർ സിസ്റ്റം അനലിസ്റ്റ്, ഒക്യുപേഷനൽ തെറപ്പിസ്റ്റ്, സിസ്റ്റം അനലിസ്റ്റ് ട്രെയിനി, റസിഡന്റ് ഫാർമസിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 28.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.mcc.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഭൂരിഭാഗം തസ്തികകൾക്കും 40 വയസ്സിൽ താഴെയുള്ളവർക്കാണ് അവസരം. അതേസമയം സിസ്റ്റം അനലിസ്റ്റ് ട്രെയിനി, റസിഡന്റ് ഫാർമസിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസ്സാണ്. തസ്തികകൾക്കനുസരിച്ച് 16,500 രൂപ മുതൽ 37,800 രൂപ വരെയാണ് പ്രതിമാസ വേതനം.
കൂടാതെ, മലബാർ കാൻസർ സെന്ററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസസ് ആൻഡ് റിസർച്ചിൽ ട്യൂട്ടർ തസ്തികയിലെ മൂന്ന് കരാർ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ബി.എസ്.സി. നഴ്സിങ്/പി.ബി.ബി.എസ്.സി. നഴ്സിംഗും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം.എസ്.സി. നഴ്സിംഗുമാണ് യോഗ്യത. പ്രതിമാസം 32,000 രൂപ ശമ്പളം ലഭിക്കുന്ന ഈ തസ്തികയിലേക്കും സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം.
