മുഴപ്പിലങ്ങാട് : മുഴപ്പിലങ്ങാട് ബീച്ചിൽ മത്സ്യബന്ധനത്തിനിടെ ഫൈബർ വള്ളം മറിഞ്ഞ് ഏഴ് മത്സ്യത്തൊഴിലാളികൾ കടലിൽ വീണു. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം.
അപകടത്തിൽപ്പെട്ട മുഴപ്പിലങ്ങാട് സ്വദേശികളായ ഫസൽ റഹ്‌മൻ, ഷക്കീർ, അനൂപ്, ബാബു എന്നിവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ നൂറുദ്ധീൻ, ഷഹീർ, തൻസീർ എന്നിവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി.
മറ്റു മത്സ്യത്തൊഴിലാളികളും ലൈഫ് ഗാർഡ് ഇ. ശ്രീജിത്തും ചേർന്ന് സമയബന്ധിതമായി നടത്തിയ രക്ഷാപ്രവർത്തനമാണ് വൻ ദുരന്തം ഒഴിവാക്കിയത്.
