തലശ്ശേരി എരഞ്ഞോളിപ്പാലത്തിന് സമീപം പ്രവർത്തിക്കുന്ന ഗേൾസ് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ നാല് പെൺകുട്ടികളെയും കണ്ടെത്തി. എറണാകുളത്തെ പ്രമുഖ മാളിൽ നിന്നാണ് പോലീസിന് ഇവരെ കണ്ടെത്താനായത്.
ബുധനാഴ്ച രാവിലെയോടെയാണ് കുട്ടികളെ കാണാനില്ലെന്ന വിവരം പുറത്തുവന്നത്. സ്ഥാപന അധികൃതരുടെ പരാതിയിൽ തലശ്ശേരി പോലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. പരിസരത്തെയും റെയിൽവേ സ്റ്റേഷനുകളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടികൾ എറണാകുളത്തുണ്ടെന്ന് കണ്ടെത്തിയത്. പോലീസിന്റെ സമയോചിതമായ ഇടപെടലാണ് കുട്ടികളെ വേഗത്തിൽ കണ്ടെത്താൻ സഹായിച്ചത്.
