Zygo-Ad

ജോലി സമ്മർദം: തലശ്ശേരിയിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി



തലശ്ശേരി കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജോലിസമ്മർദം താങ്ങാനാകാതെ ജീവനൊടുക്കിയെന്നാണ് പ്രാഥമിക സൂചന. എരഞ്ഞോളി പെരുന്താറ്റിലെ കുനിയിൽ വീട്ടിൽ രവീന്ദ്രൻ (55) ആണ് മരിച്ചത്. വീടിന്റെ സ്റ്റെയർകേസിലാണ് മൃതദേഹം കണ്ടെത്തിയത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം പൊലീസ് സേനയിൽ ജോലിഭാരം വർധിച്ചതായി വ്യാപക പരാതി ഉയർന്നിരുന്നു.

പൊലീസ് ഉദ്യോഗസ്ഥയായ ഭാര്യ ശ്രീജയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ച് രണ്ടാഴ്ച മുമ്പ് തിരുവനന്തപുരത്തേക്ക് സ്ഥലം മാറിയിരുന്നു. വെള്ളിയാഴ്ച രാവിലെ ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് ശ്രീജ സഹോദരനെയും അയൽക്കാരെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വീടിന്റെ വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് രവീന്ദ്രനെ മരിച്ച നിലയിൽ കണ്ടത്.

ധർമടം പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ശനിയാഴ്ച രാവിലെ കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ സംസ്കരിക്കും. പരേതരായ കുഞ്ഞിക്കൃഷ്ണന്റെയും സരോജിനിയുടെയും മകനാണ്. മകൾ: ഗായത്രി (ആറാം ക്ലാസ് വിദ്യാർഥി). സഹോദരങ്ങൾ: രജിത, രാജേഷ്.

 

വളരെ പുതിയ വളരെ പഴയ