തലശ്ശേരി: പോലീസ് കൺട്രോൾ റൂമിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എരഞ്ഞോളി പെരുന്താറ്റിലെ പഴയ വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന കുനിയിൽ വീട്ടിൽ രവീന്ദ്രൻ (55) ആണ് മരിച്ചത്. സ്വന്തം വീടിന്റെ സ്റ്റെയർകേസിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥയായ ഭാര്യ ശ്രീജ രാവിലെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സഹോദരനെയും അയൽവാസികളെയും വിവരമറിയിക്കുകയായിരുന്നു. ഇവർ വീട്ടിലെത്തി വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മകൾ പഴയങ്ങാടിയിലെ ബന്ധുവീട്ടിലായിരുന്നതിനാൽ രവീന്ദ്രൻ വീട്ടിൽ തനിച്ചായിരുന്നു താമസം.
ധർമ്മടം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ശനിയാഴ്ച രാവിലെ കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ നടക്കും. പരേതരായ കുഞ്ഞികൃഷ്ണന്റെയും സരോജിനിയുടെയും മകനാണ്. ഗായത്രി ഏക മകളാണ്. രജിത, രാജേഷ് എന്നിവരാണ് സഹോദരങ്ങൾ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക, സഹായം തേടുക. സംസ്ഥാന സർക്കാറിന്റെ 'ദിശ' ഹെൽപ്പ് ലൈൻ നമ്പർ: 1056, 0471 2552056)
