Zygo-Ad

ദേശീയപാത സർവീസ് റോഡ് ടാറിങ്: വടകരയിൽ സെപ്റ്റംബർ 30 വരെ ഗതാഗത നിയന്ത്രണം


കോഴിക്കോട്: വടകര പെരുവാട്ടുംതാഴെ മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെയുള്ള ദേശീയപാതയിലെ സർവീസ് റോഡിൽ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 30 വരെ വാഹന ഗതാഗതത്തിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. സെപ്റ്റംബർ 28 രാവിലെ 10 മണി മുതൽ പ്രാബല്യത്തിൽ വന്ന നിയന്ത്രണം പ്രവൃത്തി പൂർത്തിയാകുന്നത് വരെ തുടരുമെന്ന് കോഴിക്കോട് റൂറൽ പൊലീസ് അറിയിച്ചു.

റോഡ് പണികൾ നടക്കുന്ന സമയത്ത് പ്രദേശത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വിവിധ റൂട്ടുകളിൽ നിന്നുള്ള വാഹനങ്ങൾക്ക് പ്രത്യേക വഴിതിരിച്ചുവിടൽ ഏർപ്പെടുത്തിയിട്ടുണ്ട്.

കണ്ണൂർ, നാദാപുരം ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പെരുവാട്ടുംതാഴെ അശോക ആശുപത്രിക്ക് സമീപം സർവീസ് റോഡിലേക്ക് പ്രവേശിച്ച് പുതിയ യൂ ടേൺ ഭാഗത്തേക്ക് പോകണം. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കരിമ്പനപാലം, എടോടി വഴി പുതിയ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കണം.

തുണി വിപണന മേഖല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നടുവിൽ സ്റ്റേഡിയം ഭാഗത്ത് നിന്ന് ലിങ്ക് റോഡിലൂടെ പഴയ സ്റ്റാൻഡിലെത്തി തുടർന്ന് സർവീസ് റോഡിലേക്ക് പോകേണ്ടതാണ്. പയ്യോളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കരിമ്പനപാലം, എടോടി വഴി ലിങ്ക് റോഡിലേക്ക് പ്രവേശിച്ച് പുതിയ സ്റ്റാൻഡ് ഭാഗത്തേക്ക് പോകണം.

നാദാപുരം, തലശ്ശേരി ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പുതിയ സ്റ്റാൻഡിൽ നിന്ന് മടങ്ങുമ്പോൾ കരിമ്പനപാലം, എടോടി വഴി പെരുവാട്ടുംതാഴെ ഭാഗത്തേക്ക് പോകണം. തിരുവള്ളൂർ ഭാഗത്തുനിന്ന് വരുന്ന ബസുകൾ നാരായണ നഗർ ഭാഗത്തേക്ക് പ്രവേശിച്ച് യൂ ടേൺ വഴി തിരികെ പോകേണ്ടതാണ്. കൂടാതെ, കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലേക്ക് പോകേണ്ട ലോഡ് വാഹനങ്ങൾ പഴയ ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്ന് ബസുകൾക്കായി അനുവദിച്ച റൂട്ടിലൂടെ യാത്ര ചെയ്യണം.


 

വളരെ പുതിയ വളരെ പഴയ