തലശ്ശേരി : ഭാഷാ സമര നായകനും മുൻ മന്ത്രിയുമായ പി.കെ.കെ. ബാവ സാഹിബിനെ കാണാനും ആദരിക്കാനുമായി തലശ്ശേരിയിൽ നിന്ന് 65 അംഗ മുസ്ലിം ലീഗ് സംഘം കാപ്പാട്ടെ അദ്ദേഹത്തിന്റെ വസതിയിലെത്തി. തലശ്ശേരി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സന്ദർശനം സംഘടിപ്പിച്ചത്.
മുസ്ലിം ലീഗിന്റെ പഴയകാല നേതാക്കളെ കാണാനും അന്തരിച്ച നേതാക്കളുടെ ഖബറിടങ്ങൾ സന്ദർശിക്കാനും രാഷ്ട്രീയ ഓർമ്മകൾ പുതുക്കാനുമായി സംഘടിപ്പിച്ച യാത്രയുടെ ഭാഗമായാണ് പ്രവർത്തകർ കാപ്പാട്ടെത്തിയത്. മുസ്ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന അധ്യക്ഷൻ, കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് കാര്യദർശി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിൽ തിളങ്ങിയ ബാവ സാഹിബുമായി നേതാക്കൾ പഴയകാല പോരാട്ട ഓർമ്മകൾ പങ്കുവെച്ചു.
അധികാരങ്ങൾക്കപ്പുറം ആദർശ രാഷ്ട്രീയത്തിന്റെ പ്രതീകമായ നേതാവുമായുള്ള കൂടിക്കാഴ്ച പ്രവർത്തകർക്ക് വികാരനിർഭരമായ അനുഭവമായി മാറി. ചരിത്ര പൈതൃകത്തോടുള്ള ആദരവ് പ്രകടമാക്കിയാണ് സംഘം മടങ്ങിയത്.
