Zygo-Ad

തെരുവുനായ ശല്യവും ഹോട്ടൽ ഭക്ഷണ വിലവർദ്ധനവും ചർച്ച ചെയ്ത് തലശ്ശേരി നഗരസഭാ യോഗം


 തലശ്ശേരി: തലശ്ശേരി നഗരപരിധിയിൽ രൂക്ഷമാകുന്ന തെരുവുനായ ശല്യവും ഹോട്ടലുകളിലെ ഉയർന്ന ഭക്ഷണ വിലയും തലശ്ശേരി നഗരസഭാ യോഗത്തിൽ പ്രധാന ചർച്ചാവിഷയമായി. തെരുവുനായകളുടെ ഭീതി കാരണം നാട്ടുകാർക്ക് പ്രഭാതസവാരി പോലും നടത്താൻ സാധിക്കാത്ത സാഹചര്യമാണെന്ന് കൗൺസിലർമാർ യോഗത്തിൽ കുറ്റപ്പെടുത്തി.

നായകളെ സുരക്ഷിതമായി പാർപ്പിക്കുന്നതിനായി പ്രത്യേക ഷെൽറ്റർ നിർമ്മിക്കുന്നത് നഗരസഭയുടെ പരിഗണനയിലാണെന്നും, വന്ധ്യംകരണ നടപടികൾ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ വ്യക്തമാക്കി.

മുമ്പ് പാചകവാതക ക്ഷാമം ഉണ്ടായപ്പോൾ ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങൾക്ക് വില വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ക്ഷാമം പരിഹരിച്ചിട്ടും വില കുറയ്ക്കാൻ ഹോട്ടലുടമകൾ തയ്യാറാകാത്തതിനെതിരെ വലിയ പ്രതിഷേധം ഉയർന്നുവന്നു. ഈ വിഷയത്തിൽ നഗരസഭയ്ക്ക് എന്ത് നടപടി സ്വീകരിക്കാൻ സാധിക്കുമെന്ന് പരിശോധിച്ച് വരികയാണെന്ന് ചെയർമാൻ അറിയിച്ചു.

കൂടാതെ നഗരസഭാ ആശുപത്രിയുമായി ബന്ധപ്പെട്ട ടെൻഡറുകൾ ഈ മാസം 15-ന് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. കൗൺസിലർമാരായ ബി എ രമ്യ, നൂറ എ ഷർമിള, ടി വി റാഷിദ, സുരേഷ് ബാബു, അരവിന്ദാക്ഷൻ, അഡ്വ. മിലി ചന്ദ്ര, ഇ ആശ, കെ പി സുധാകരൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ