തലശ്ശേരി: കോഴിക്കോട് റീജിയണൽ പാസ്പോർട്ട് ഓഫീസിന് (RPO) കീഴിൽ പാസ്പോർട്ട് വിതരണത്തിലുണ്ടാകുന്ന രൂക്ഷമായ കാലതാമസം പരിഹരിക്കാൻ അടിയന്തര മന്ത്രാലയതല ഇടപെടൽ ആവശ്യപ്പെട്ട് വടകര എം.പി ഷാഫി പറമ്പിൽ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് നിവേദനം നൽകി.
മലബാറിലെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം ജില്ലകളിലെ അപേക്ഷകരെയാണ് ഈ പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്നത്. അടിയന്തര ആവശ്യങ്ങൾക്കായുള്ള തത്കാൽ അപേക്ഷകൾക്ക് പോലും 10 മുതൽ 15 ദിവസം വരെ കാത്തിരിക്കേണ്ടി വരുന്നത് സേവനത്തിന്റെ ലക്ഷ്യത്തെത്തന്നെ ഇല്ലാതാക്കുകയാണെന്ന് എം.പി ചൂണ്ടിക്കാട്ടി. അപ്പോയിന്റ്മെന്റ് സ്ലോട്ടുകളുടെ പരിമിതി മൂലം വിദേശ തൊഴിൽ അവസരങ്ങളും സർവകലാശാല പ്രവേശനം, അടിയന്തര വൈദ്യസഹായ യാത്രകൾ എന്നിവയും പ്രതിസന്ധിയിലാണ്.
പ്രശ്നപരിഹാരത്തിനായി കോഴിക്കോട് ഓഫീസിൽ താത്കാലിക ജീവനക്കാരെ നിയമിച്ചും കൂടുതൽ കൗണ്ടറുകൾ തുറന്നും പ്രതിദിന അപ്പോയിന്റ്മെന്റ് ശേഷി വർദ്ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ജോലി വിസ, വിദേശ പഠന അഡ്മിഷൻ, അടിയന്തര വൈദ്യസഹായം എന്നിവയുള്ളവർക്കായി പ്രത്യേക ഫാസ്റ്റ് ട്രെക്ക് ഹെൽപ്പ് ഡെസ്ക് ആരംഭിക്കണമെന്നും കേന്ദ്ര മന്ത്രിയോട് അഭ്യർത്ഥിച്ചു.
