തലശ്ശേരി: ഗാന്ധിജയന്തി വാരത്തോടനുബന്ധിച്ച് കോണോർവയൽ വാർഡിൽ 'സുന്ദരമായ വീട്, വൃത്തിയുള്ള വാർഡ്' എന്ന സന്ദേശവുമായി സമ്പൂർണ്ണ ശുചിത്വ യജ്ഞം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 2 വരെയാണ് വാർഡ് കേന്ദ്രീകരിച്ച് പ്രത്യേക ശുചീകരണ വാരം ആചരിക്കുന്നത്. വീട്ടുപറമ്പുകളിലെയും വഴിയോരങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണ്ണമായി നീക്കം ചെയ്യുക, ഇടവഴികളിലെ കാടുകൾ വെട്ടിത്തെളിച്ച് കാൽനടയാത്ര സുഗമമാക്കുക, വെള്ളക്കെട്ടുകൾ ഒഴിവാക്കി കൊതുക് ജന്യ രോഗങ്ങൾ തടയുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി 16 അംഗ സംഘാടക സമിതി രൂപീകരിച്ചു. വാർഡ് കൗൺസിലർ സെറീല ചെയർമാനായും രഞ്ജിത്ത് കൺവീനറായും മുൻ വാർഡ് കൗൺസിലർ ഷാനവാസ്, മൻസൂർ, ഹിളർ, ഹനീഫ, അഷറഫ്, പത്മരാജൻ, ബൈജിത്ത്, റഹീം, സാഹിർ സീനാസ്, മൊയ്തു, ഷമീർ വലിയേടത്ത്, സമീർ, ശാരിക, ഷംസു എന്നിവർ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.
ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ഒക്ടോബർ 2-ന് തലശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, വാർഡ് കൗൺസിലർ, മറ്റ് ജനപ്രതിനിധികൾ എന്നിവരടങ്ങുന്ന സമിതി വാർഡിലെ എല്ലാ ഇടവഴികളും വീടുകളുടെ മുൻഭാഗങ്ങളും നേരിട്ട് സന്ദർശിച്ച് വിലയിരുത്തും. പരിസരവും വഴികളും ഏറ്റവും മികച്ച രീതിയിൽ വൃത്തിയായി സൂക്ഷിക്കുന്നവർക്ക് 'മൈജി തലശ്ശേരി' സ്പോൺസർ ചെയ്യുന്ന 10,000 രൂപ, 6,000 രൂപ, 4,000 രൂപ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചറുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളായി നൽകും.
ശുചിത്വ യജ്ഞത്തിന് മികച്ച രീതിയിൽ നേതൃത്വം നൽകിയവരെയും വാർഡിലെ മുതിർന്ന പൗരന്മാരെയും ഒക്ടോബർ 4-ന് നടക്കുന്ന ചടങ്ങിൽ ആദരിക്കുമെന്നും നാടിന്റെ നന്മയ്ക്കായുള്ള ഈ യജ്ഞത്തിൽ മുഴുവൻ വാർഡ് നിവാസികളും പങ്കാളികളാകണമെന്നും സംഘാടക സമിതി അഭ്യർത്ഥിച്ചു.
