തലശ്ശേരി ജനറൽ ആശുപത്രിയിൽ ആവശ്യത്തിന് മരുന്നുകൾ ലഭ്യമല്ലെന്ന പരാതിയിൽ അടിയന്തര ഇടപെടൽ നടത്തി മരുന്ന് ലഭ്യത ഉറപ്പാക്കുമെന്ന് നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ നഗരസഭാ കൗൺസിൽ യോഗത്തിൽ അറിയിച്ചു. കൗൺസിലർ യു ബ്രിജേഷ് ഉന്നയിച്ച വിഷയത്തിലാണ് ചെയർമാൻ മറുപടി നൽകിയത്. മരുന്നുകൾ പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നത് രോഗികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
നഗരത്തിലെ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികളും തെരുവുനായ ശല്യവും ഒരു മാസത്തിനകം പരിഹരിക്കും. ലൈസൻസില്ലാത്ത തട്ടുകടകളും ഭക്ഷണശാലകളും നീക്കാൻ അടിയന്തര യോഗം ചേരും. പുതിയ ബസ് സ്റ്റാൻഡിലെ വെളിച്ചക്കുറവും ശുചിമുറിയുടെ പ്രവർത്തന സമയവും പരിഹരിക്കാൻ നടപടിയെടുക്കും. തെരുവിൽ മാലിന്യം തള്ളുന്നത് തടയാൻ പോലീസിന്റെ സഹായത്തോടെ സ്പെഷ്യൽ സ്ക്വാഡ് രൂപീകരിക്കുമെന്നും കൗൺസിൽ അറിയിച്ചു.
മട്ടാമ്പ്രം പൊതു കിണർ പുനരുദ്ധരിക്കൽ, അമൃതം കുടിവെള്ള പദ്ധതിയിലെ പരാതികൾ പരിഹരിക്കൽ, വരാനിരിക്കുന്ന ജനുവരിയോടെ 53 വാർഡുകളിലും ലൈബ്രറി സജ്ജമാക്കൽ തുടങ്ങിയ തീരുമാനങ്ങളും യോഗത്തിൽ ഉയർന്നു വന്നു. ഓണക്കാല ചന്തയിലൂടെ 30,902 രൂപ ലാഭം ലഭിച്ചതായി കൗൺസിലർ വി എം സുകുമാരൻ കണക്കുകൾ അവതരിപ്പിച്ചു. കൗൺസിലർമാരായ രാജീവ് കുമാർ, ഷബീർ കരിമ്പാനം, കെ പി മനോജ് തുടങ്ങിയവർ സംസാരിച്ചു.
