Zygo-Ad

തലശ്ശേരിയിലെ ജനകീയ സംവാദം: പറയാം കേൾക്കാം മാതൃകയാക്കി നാട്

 


തലശ്ശേരി: ജനപങ്കാളിത്തത്തോടെയുള്ള മണ്ഡല വികസനത്തിൽ വേറിട്ട വഴിയൊരുക്കി കാരായി രാജൻ എംഎൽഎ നടപ്പിലാക്കുന്ന 'പറയാം കേൾക്കാം' ജനകീയ സംവാദ പരിപാടി നാട് ഏറ്റെടുക്കുന്നു. വികേന്ദ്രീകൃത മണ്ഡല വികസന ആസൂത്രണത്തിലെ തലശ്ശേരി മാതൃകയായ ഈ പരിപാടിക്ക് രാഷ്ട്രീയ ഭേദമന്യേ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ആവശ്യങ്ങളുമായി എംഎൽഎയെ തേടിയെത്തുന്നതിന് പകരം കാരായി രാജൻ നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ജനപ്രതിനിധികൾ രാഷ്ട്രീയപ്പാർട്ടി നേതാക്കൾ തൊഴിലാളികൾ കർഷകർ വിദ്യാർഥികൾ നാട്ടുകാർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ഒത്തുചേരുന്ന വേദികളായി ഓരോ പ്രദേശത്തെയും സംവാദങ്ങൾ മാറിക്കഴിഞ്ഞു. എംഎൽഎ പൂർണ്ണ സമയം പങ്കെടുത്താണ് ജനങ്ങളുടെ വികസന നിർദേശങ്ങളും അഭിപ്രായങ്ങളും കേൾക്കുന്നത്. വിവിധ വകുപ്പുകളിൽ നൽകിയ നിവേദനങ്ങളുടെ തൽസ്ഥിതി അറിയാനും ജനങ്ങൾക്ക് ഇതിലൂടെ സാധിക്കുന്നുണ്ട്.

പൊന്ന്യംപാലം ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽ പന്ന്യന്നൂർ ചമ്പാട് എന്നിവിടങ്ങളിലാണ് ഇതിനകം പരിപാടി പൂർത്തിയായത്. കാണാതായ സഹപാഠി ശിവസൂര്യയെ കണ്ടെത്താൻ സഹായിക്കണമെന്ന ആവശ്യവുമായി രാമവിലാസത്തിലെ വിദ്യാർഥികളും എംഎൽഎയെ സമീപിച്ചിരുന്നു. വിഷയം ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വിദ്യാർഥിയെ കണ്ടെത്താൻ ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും എംഎൽഎ ഉറപ്പുനൽകി.

തരിശുകൃഷി വ്യാപിപ്പിക്കൽ നീർത്തട സംരക്ഷണം തുടങ്ങി നിരവധി വികസന നിർദേശങ്ങളാണ് ജനങ്ങളിൽ നിന്ന് ഉയരുന്നത്. ബജറ്റിൽ തുക നീക്കിവച്ചിട്ടും നിർമാണം ആരംഭിക്കാത്ത പദ്ധതികളും ഫയലുകളിലെ കാലതാമസവും ചർച്ചയായി. ലഭിച്ച ഓരോ അഭിപ്രായവും അർഹിക്കുന്ന ഗൗരവത്തോടെ കണ്ട് ഭാവി വികസനത്തിൽ പ്രയോജനപ്പെടുത്തുമെന്ന് കാരായി രാജൻ എംഎൽഎ വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ