തലശ്ശേരി: കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ ഫുട്പാത്ത് കൈയേറി പ്രവർത്തിച്ച എം.ജി. റോഡിലെ ജ്യൂസ് കടകൾക്കെതിരെ നടപടിയുമായി തലശ്ശേരി നഗരസഭാ ഹെൽത്ത് വിഭാഗം. ഫുട്പാത്തിൽ അലക്ഷ്യമായി പാൽപ്പെട്ടികളും ഇളനീരുകളും കൂട്ടിയിട്ടതിനെ തുടർന്ന് കാൽനടയാത്രക്കാർ ദുരിതത്തിലായ സാഹചര്യത്തിലാണ് ആരോഗ്യവിഭാഗത്തിന്റെ അടിയന്തര ഇടപെടൽ.
സിവിൽ സ്റ്റേഷൻ, നഗരസഭാ കാര്യാലയം, ട്രഷറി, വില്ലേജ് ഓഫീസ്, വിവിധ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലേക്ക് ദിനംപ്രതി നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്. കണ്ണൂർ, മമ്പറം, പിണറായി ഭാഗങ്ങളിലേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും ഇതിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. തിരക്കേറിയ വഴിയിൽ തടസ്സം നേരിട്ടതോടെ ഉയർന്ന ജനകീയ പരാതികളെ തുടർന്നാണ് പരിശോധന നടത്തിയത്.
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഫുട്പാത്തിലെ തടസ്സങ്ങൾ നീക്കം ചെയ്യിപ്പിക്കുകയും കടയുടമകൾക്ക് ശക്തമായ താക്കീത് നൽകുകയും ചെയ്തു. കടകളും പരിസരവും വൃത്തിയായി സൂക്ഷിക്കാനും നിർദ്ദേശമുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ വിലങ്ങിൽ, സൂരജ്, രഞ്ജിത്ത്, കുഞ്ഞിക്കണ്ണൻ, ജോഷി, വീണ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ക്ലീൻ സിറ്റി മാനേജർ സുരേഷ് കുമാർ പരിശോധനകൾ ഏകോപിപ്പിച്ചു.
