തലശ്ശേരി: ട്രെയിനുകളിലെ ജനറൽ കംപാർട്ട്‌മെന്റുകളിൽ ബാഗുകളും കുടകളും വെച്ച് കൂട്ടത്തോടെ 'സീറ്റ് പിടിച്ചു' വെക്കുന്നതിനെതിരെ കർശന നടപടിയുമായി റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്.). സ്ഥിരം യാത്രക്കാർ ഉന്നയിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ആർ.പി.എഫിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം - മംഗളൂരു സെൻട്രൽ എക്സ്പ്രസ് രാവിലെ 7.23-ന് തലശ്ശേരിയിൽ എത്തുമ്പോൾ, കണ്ണൂരിൽ നിന്ന് കയറാനുള്ള സുഹൃത്തുക്കൾക്കായി സീറ്റുകൾ വ്യാജമായി ബുക്ക് ചെയ്ത് വെക്കുന്നത് പതിവാണെന്ന് യാത്രക്കാർ ആരോപിക്കുന്നു. ബാഗ്, തൂവാല, കുട എന്നിവ വെച്ചാണ് സീറ്റുകൾ കൈയടക്കുന്നത്. മറ്റു യാത്രക്കാർ തിരക്കിൽ തിങ്ങിഞെരുങ്ങി നിൽക്കുമ്പോഴാണ് ഈ അനീതി. സീറ്റിലിരിക്കുന്ന സാധനങ്ങൾ മാറ്റിയിരിക്കാൻ ശ്രമിക്കുന്നവരോട് കയർക്കുന്നതും പതിവാണ്.
വൈകുന്നേരം കോഴിക്കോട് വിടുന്ന പരശുറാം എക്സ്പ്രസ്, രാവിലെ പുറപ്പെടുന്ന കണ്ണൂർ എക്സ്പ്രസ്, വൈകുന്നേരത്തെ യശ്വന്ത്പുര എക്സ്പ്രസ് എന്നിവയിലും ഇത്തരത്തിൽ സീറ്റ് പിടിത്തം വ്യാപകമാണെന്ന് പരാതിയുണ്ട്. പ്രശ്നം രൂക്ഷമായ സാഹചര്യത്തിലാണ് വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ആർ.പി.എഫ്. തീരുമാനിച്ചത്.
