തലശ്ശേരി: എക്സൈസ് റെയിഞ്ച് ഓഫീസിൽ അതിക്രമിച്ചുകയറി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എൻ.ഡി.പി.എസ് (NDPS) കേസിൽ പ്രതിയായിരുന്ന ഇരിട്ടി പായം സ്വദേശി മുല്ലപ്പള്ളി വീട്ടിൽ മുഹമ്മദ് കൈഫ്, സുഹൃത്ത് കൂത്തുപറമ്പ് ആമ്പിലാട് തുഷാരയിൽ എം.പി. അശ്വിൻ എന്നിവരാണ് പിടിയിലായത്.
തലശ്ശേരി ചിറക്കരയിലുള്ള എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഓഫീസർ മുല്ലൂർ സ്വദേശി കെ.സി. ഷിബുവിനാണ് മർദ്ദനമേറ്റത്. ഓഫീസിലെത്തിയ പ്രതികൾ ഉദ്യോഗസ്ഥനുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി കയ്യേറ്റം ചെയ്യുകയുമായിരുന്നു.
സംഭവത്തിനുശേഷം കടന്നുകളയാൻ ശ്രമിച്ച പ്രതികളെ പോലീസ് തിരച്ചിൽ നടത്തി കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
