തലശേരി: മലബാറിലെ യാത്രാ സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച മംഗളൂരു-രാമേശ്വരം പ്രതിവാര എക്സ്പ്രസ് ട്രെയിൻ പ്രതിദിനമാക്കണമെന്നും തലശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ദക്ഷിണ റെയിൽവേ മാനേജർക്ക് നിവേദനം നൽകി.
കോഴിക്കോടിനും മംഗളൂരുവിനും ഇടയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ തലശേരിയിലോ ഉത്തര മലബാറിലെ മറ്റ് പ്രധാനപ്പെട്ട സ്റ്റേഷനുകളിലോ നിർത്താതെയാണ് നിലവിൽ ഈ പ്രതിവാര വണ്ടി സർവീസ് നടത്തുന്നത്. ഇത് യാത്രക്കാരോട് കാണിക്കുന്ന കടുത്ത അനീതിയാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ആഴ്ചയിൽ ഒരു ദിവസം മാത്രം സർവീസ് നടത്തി ബാക്കി ദിവസങ്ങളിൽ ട്രെയിൻ മംഗളൂരുവിൽ നിർത്തിയിടുകയാണ് ചെയ്യുന്നത്.
പഴനി, മധുര, രാമേശ്വരം തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കും കൊടൈക്കനാലിലേക്കും യാത്ര ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്പെടുന്നതാണ് ഈ സർവീസ്. മംഗളൂരു-രാമേശ്വരം ട്രെയിനിനു പുറമെ ഗരീബ് രഥ് എക്സ്പ്രസ്സിനും തലശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ നിവേദനത്തിൽ ആവശ്യപ്പെട്ടു.
