Zygo-Ad

തുടർച്ചയായ അവധി ദിനങ്ങളിൽ താമരശ്ശേരി ചുരത്തിലും മുത്തങ്ങയിലും രൂക്ഷമായ ഗതാഗതക്കുരുക്കിന് സാധ്യത


തുടർച്ചയായി വരുന്ന അവധി ദിനങ്ങളുടെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരത്തിലും മുത്തങ്ങയിലും വരുംദിവസങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് സാധ്യതയെന്ന് മുന്നറിയിപ്പ്. മുത്തങ്ങ, ഗുണ്ടൽപേട്ട് മേഖലകളിലെ പൂകൃഷിയും മുന്തിരിത്തോട്ടങ്ങളും കാണാൻ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തുന്നതിനാലാണ് കോഴിക്കോട് - കൊല്ലഗൽ ദേശീയപാത 766-ൽ തിരക്ക് വർധിക്കുന്നത്. വരുന്ന ശനി, ഞായർ വാരാന്ത്യ ദിനങ്ങളിൽ രാവിലെ മുതൽ രാത്രി വൈകുവോളം താമരശ്ശേരി ചുരത്തിലും മുത്തങ്ങയിലെ ഇരു ചെക്ക്പോസ്റ്റുകളിലും കിലോമീറ്ററുകളോളം നീളുന്ന വലിയ വാഹനനിര രൂപപ്പെടാൻ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ടാഴ്ചകളിലും അർദ്ധരാത്രിവരെ നീളുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് ഈ മേഖലകളിൽ അനുഭവപ്പെട്ടത്. സ്കൂൾ അവധി ദിനങ്ങൾ കൂടിയായതിനാൽ വരുംദിവസങ്ങളിലും പാതയിൽ സമാനമായ രീതിയിൽ തിരക്ക് അനുഭവപ്പെട്ടേക്കാം.

​രാത്രി 9:00 മണിക്ക് മുത്തങ്ങ ചെക്ക്പോസ്റ്റ് അടയ്ക്കുമെന്നതും രാവിലെ 6:00 മണിക്ക് മാത്രമാണ് വീണ്ടും തുറക്കുക എന്നതും യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കർണാടക ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ ഈ സമയക്രമം കൃത്യമായി കണക്കുകൂട്ടിവേണം യാത്ര പ്ലാൻ ചെയ്യാൻ. കിലോമീറ്ററുകളോളം നീളുന്ന കുരുക്കിൽ കുടുങ്ങിയാൽ ലക്ഷ്യസ്ഥാനത്ത് എത്താനാവാതെ തിരിച്ചുപോവേണ്ടി വരും. കാട്ടിനുള്ളിൽ മണിക്കൂറുകളോളം വാഹനങ്ങൾ കിടക്കുന്നത് സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കും. അതിനാൽ ഇതുവഴി യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവരും, പ്രത്യേകിച്ച് വാരാന്ത്യങ്ങളിൽ രാത്രിയാത്ര പ്ലാൻ ചെയ്യുന്നവരും കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. യാത്രക്കാർ സമയം മുൻകൂട്ടി ക്രമീകരിച്ച് നേരത്തെ യാത്ര തിരിക്കുകയോ തിരക്ക് കുറഞ്ഞ സമയങ്ങൾ തിരഞ്ഞെടുക്കുകയോ ചെയ്യണം. വാഹനങ്ങളിൽ ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കുടിവെള്ളവും കരുതാനും, വനമേഖലയിലും ചുരത്തിലും അനാവശ്യമായ ഓവർടേക്കിങ് ഒഴിവാക്കി ലെയിൻ ട്രാഫിക് കർശനമായി പാലിക്കാനും നിർദേശമുണ്ട്.


വളരെ പുതിയ വളരെ പഴയ