തലശേരി: തലശേരി വ്യാപാരി സഹകരണ സംഘത്തിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന സംഘം സെക്രട്ടറി പിണറായി പടന്നക്കര സ്വദേശി ജോജിഷിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം പോലീസ് നൽകിയ കസ്റ്റഡി അപേക്ഷ കോടതി തള്ളിയിരുന്നെങ്കിലും വീണ്ടും അപേക്ഷ നൽകിയതിനെ തുടർന്ന് മൂന്ന് ദിവസത്തേക്കാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയത്.
തുടർന്ന് സ്വർണാഭരണങ്ങൾ പണയം വെച്ച ലോഗൻസ് റോഡിലെ സ്ഥാപനങ്ങളിൽ എത്തിച്ച് ഇയാളെ തെളിവെടുപ്പ് നടത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവിൽ ഒൻപതോളം പരാതികളാണ് തലശേരി പോലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുള്ളത്. തട്ടിപ്പുതുക ഒരു കോടി രൂപയ്ക്ക് മുകളിലായതിനാൽ കേസ് സഹകരണ നിയമപ്രകാരം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇൻസ്പെക്ടർ എൻ. പ്രജീഷ് ജില്ലാ പോലീസ് മേധാവിക്ക് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ നാലു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം.
എഎസ്പി ഡോക്ടർ നന്ദഗോപൻ ഐപിഎസിന്റെ മേൽനോട്ടത്തിൽ തലശേരി സിഐ എൻ. പ്രജീഷ്, എസ്ഐമാരായ അശോകൻ പാലോറാൻ, കെ.എം. ഷിബു, സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.


