Zygo-Ad

തലശ്ശേരിയിൽ ഓണത്തിരക്ക് നിയന്ത്രിക്കാൻ വിപുലമായ ഗതാഗത ക്രമീകരണം; പോലീസ് സുരക്ഷ ശക്തമാക്കും


തലശ്ശേരി: ഓണത്തോടനുബന്ധിച്ച് നഗരത്തിലുണ്ടാകുന്ന ഗതാഗതത്തിരക്ക് നിയന്ത്രിക്കുന്നതിനും വാഹനസഞ്ചാരം സുഗമമാക്കുന്നതിനുമായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. അഡീഷണൽ പോലീസ് സൂപ്രണ്ട് ഡോ. മനോജ്കുമാർ എ. IPS-ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിവിധ തീരുമാനങ്ങൾ കൈക്കൊണ്ടത്.

നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ബി.ഇ.എം.പി. സ്കൂൾ, ബ്രണ്ണൻ സ്കൂൾ, തലശ്ശേരി കോട്ട, ഓവർബറീസ് ഫോളി റോഡ്, ഷമി ഹോസ്പിറ്റലിന് പുറകുവശം, ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിന് തെക്കുവശം, ചിറക്കര ഹൈസ്കൂളിന് പടിഞ്ഞാറുവശം, ടൗൺഹാൾ പരിസരം, റെയിൽവേ ഓവർബ്രിഡ്ജിനും ടൗൺഹാളിനുമിടയിലെ റോഡിന്റെ വടക്കുവശം, ജൂബിലി റോഡ് ബി.ജെ.പി. ഓഫീസിന് വടക്കുവശം എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യം ഒരുക്കും. പാർക്കിംഗ് സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുകയും ഫീസ് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.

ഓണത്തിന് മുമ്പായി നഗരത്തിലെ റോഡുകളിലെ പാച്ച് വർക്കുകൾ പൂർത്തിയാക്കും. ഉച്ചയ്ക്ക് 3 മണിക്ക് ശേഷം തലശ്ശേരി മാർക്കറ്റിൽ ലോഡ് ഇറക്കുന്നത് തടയും. കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ചിത്രവാണി ജംഗ്ഷൻ വഴി പഴയ ബസ് സ്റ്റാൻഡിലേക്ക് പോകുന്ന രീതിയിൽ മാറ്റം വരുത്തി. എൻ.സി.സി. റോഡ്, ഒ.വി. റോഡ്, ലോഗൻസ് റോഡ്, ഹോസ്പിറ്റൽ റോഡ് എന്നിവിടങ്ങളിൽ ഫുട്പാത്ത് കച്ചവടം അനുവദിക്കില്ല.

ഓണച്ചന്തകൾ തലശ്ശേരി സ്റ്റേഡിയം ഭാഗത്തേക്ക് മാറ്റും. പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തെ വെളിച്ചക്കുറവ് പരിഹരിക്കും. മോഷണം, കവർച്ച എന്നിവ തടയുന്നതിനായി നഗരത്തിൽ പോലീസ് നിരീക്ഷണവും സുരക്ഷയും ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി.

വളരെ പുതിയ വളരെ പഴയ