തലശേരി:ഓണക്കാല വിപണി ലക്ഷ്യമിട്ട് തലശേരിയിലെത്തിയ തെരുവോര കച്ചവടക്കാരെ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് തലശേരി നഗരസഭാ സ്റ്റേഡിയത്തിലേക്ക് മാറ്റാനുള്ള നഗരസഭയുടെ നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. നഗരസഭയ്ക്ക് കൃത്യമായ സ്ഥലവാടക നൽകിയാണ് തെരുവോര കച്ചവടക്കാർ കച്ചവടത്തിന് ഇടം കണ്ടെത്തുന്നത്. പണം അടച്ച് കച്ചവടം നടത്തുന്ന തങ്ങളെ മുൻകൂട്ടി അറിയിപ്പില്ലാതെ പെട്ടെന്ന് മാറ്റുന്നത് അനീതിയാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു.
ഗതാഗതക്കുരുക്കും കാൽനടയാത്രക്കാരുടെ ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടിയാണ് കച്ചവടക്കാരെ സ്റ്റേഡിയത്തിലേക്ക് മാറ്റാൻ നഗരസഭ തീരുമാനിച്ചത്. എന്നാൽ കൃത്യമായി വാടക നൽകി പ്രവർത്തിക്കുന്ന തങ്ങളെ ആളനക്കവും കാൽനടയാത്രക്കാരും കുറവുള്ള സ്റ്റേഡിയത്തിലേക്ക് മാറ്റുന്നത് തങ്ങളുടെ ഉപജീവനമാർഗ്ഗത്തെ പൂർണ്ണമായും തകർക്കുമെന്ന് കച്ചവടക്കാർ ആരോപിക്കുന്നു. ഓണവിപണി മുന്നിൽ കണ്ട് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ വായ്പയെടുത്തും കടം വാങ്ങിയുമാണ് എത്തിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ നഗരസഭയുടെ ഏകപക്ഷീയമായ തീരുമാനം തങ്ങളെ വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് തള്ളിവിടുമെന്നാണ് അവരുടെ പരാതി.
നഗരസഭയുടെ അന്തിമ തീരുമാനം കാത്തിരിക്കുകയാണ് മറ്റുള്ളവർ.
കൽക്കത്ത, ബംഗളൂരു, മൈസൂരു, ഈറോഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കടം വാങ്ങിയും മറ്റും സാധനങ്ങൾ എത്തിച്ചവരാണ് പലരും. ഓണക്കാല കച്ചവടം മുന്നിൽക്കണ്ട് വലിയ തുക മുടക്കി സാധനങ്ങൾ എത്തിച്ച സാഹചര്യത്തിൽ ഇത്തവണയെങ്കിലും പഴയ ബസ് സ്റ്റാൻഡിൽ കച്ചവടം നടത്താൻ അനുവദിക്കണമെന്നാണ് തിരുവില്വാമല സ്വദേശി കൃഷ്‌ണന്റെ ആവശ്യം. മൂന്ന് പതിറ്റാണ്ടോളമായി തലശേരിയിലെത്തുന്ന കൃഷ്ണനും നഗരസഭയുടെ നീക്കത്തിൽ ആശങ്കയിലാണ്.
ഉത്സവകാലത്ത് മാത്രം ലഭിക്കുന്ന വരുമാനംകൊണ്ട് വർഷം മുഴുവൻ കുടുംബം പുലർത്തുന്നവരാണ് പല തെരുവോര കച്ചവടക്കാരും. അതിനാൽ കച്ചവട കേന്ദ്രം മാറ്റുന്നത് തങ്ങളുടെ വരുമാനത്തെ നേരിട്ട് ബാധിക്കുമെന്നാണ് ഇവരുടെ വാദം. അതേസമയം, നഗരത്തിലെ ഗതാഗതക്കുരുക്കും വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതുണ്ടെന്ന നിലപാടിലാണ് നഗരസഭm
നഗരസഭയുടെ തീരുമാനം തങ്ങളുടെ ഉപജീവനമാർഗത്തെ ബാധിക്കാത്ത തരത്തിലാകണമെന്നാണ് തെരുവോര കച്ചവടക്കാരുടെ ആവശ്യം. ഓണക്കാലത്ത് തലശേരിയിലെത്തുന്ന ആയിരക്കണക്കിന് ആളുകൾക്ക് സൗകര്യപ്രദമായി സാധനങ്ങൾ വാങ്ങാനും തങ്ങൾക്ക് കച്ചവടം നടത്താനും കഴിയുന്ന തരത്തിൽ പഴയ ബസ് സ്റ്റാൻഡിൽ തന്നെ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
വിഷയത്തിൽ ഉചിതമായ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് തെരുവോര കച്ചവടക്കാരുടെ തീരുമാനം. അതേസമയം, നഗരത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാന പാലനത്തിനുമാണ് മാറ്റമെന്നാണ് നഗരസഭാ അധികൃതരുടെ നിലപാട്.
