തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിലായി. എറണാകുളം മറ്റൂർ മാണിക്യമംഗലം സ്വദേശി വൈശാഖ് എസ്. ദർശനെ (35) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി എരഞ്ഞോളി പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് തലശേരി പെരുന്താറ്റിലെ രതിശൻ (59) ജീവനൊടുക്കിയ സംഭവത്തിലാണ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ജോലി വാഗ്ദാനം ചെയ്ത് രതിശൻ വഴി വൈശാഖ് 25 ലക്ഷം രൂപ വാങ്ങിയിരുന്നു. ഈ മാസം ആദ്യം പണം തിരിച്ചു നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും പാലിക്കാത്തതിനെ തുടർന്ന് രതിശൻ ജീവനൊടുക്കുകയായിരുന്നു. രതിശന്റെ ആത്മഹത്യാക്കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
ഈ മാസം മൂന്നിനാണ് തലശേരി പുതിയ ബസ് സ്റ്റാൻഡിലെ കോഫി ഹൗസിന് മുകളിലുള്ള സ്വന്തം ഓഫീസ് മുറിയിൽ രതിശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ അപേക്ഷകൾ തയ്യാറാക്കി നൽകുന്ന ഓഫീസാണ് ഇദ്ദേഹം ഇവിടെ നടത്തിയിരുന്നത്.
