Zygo-Ad

തലശ്ശേരിയിലെ ബിജെപി നേതാവിന്റെ ആത്മഹത്യ: വൈശാഖ് എസ് ദർശനെ യൂത്ത് കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

 


തലശ്ശേരി : തലശ്ശേരിയിൽ ബിജെപി പ്രാദേശിക നേതാവ് ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായ വൈശാഖ് എസ് ദർശനെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും സസ്‌പെൻഡ് ചെയ്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് ഈ നടപടിയെടുത്തത്.

​റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും പണം വാങ്ങി വൈശാഖിനു നൽകിയിരുന്നതായി ജീവനൊടുക്കിയ ബിജെപി നേതാവ് രതീശൻ എഴുതിയ ആത്മഹത്യാ കുറിപ്പിൽ പരാമർശമുണ്ടായിരുന്നു. പണം വാങ്ങിയ ശേഷം വൈശാഖ് വഞ്ചിച്ചതാണ് തന്റെ മരണത്തിന് കാരണമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

​ഈ മാസം മൂന്നിനാണ് തലശ്ശേരിയിലെ ഓഫീസ് മുറിയിൽ രതീശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പണം നൽകിയ ഉദ്യോഗാർത്ഥികൾ ജോലി ലഭിക്കാതിരുന്നതോടെ രതീശന് മേൽ സമ്മർദം ചെലുത്താൻ തുടങ്ങി. എന്നാൽ പണം കൈപ്പറ്റിയ വൈശാഖ് ജോലി നൽകാതെ കബളിപ്പിക്കുകയായിരുന്നു. ഇതോടെയാണ് ജീവനൊടുക്കാൻ നിർബന്ധിതനായതെന്ന് കുറിപ്പിൽ പറയുന്നു.

​തിരുവനന്തപുരത്തു നിന്നാണ് എറണാകുളം സ്വദേശിയായ വൈശാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ ആത്മഹത്യാ പ്രേരണാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പണം നൽകി വഞ്ചിക്കപ്പെട്ട ഉദ്യോഗാർത്ഥികൾ പരാതിയുമായി മുന്നോട്ട് വന്നാൽ വൈശാഖിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്താനാണ് പൊലീസിന്റെ തീരുമാനം.

വളരെ പുതിയ വളരെ പഴയ