തലശ്ശേരി: ഉത്തര മലബാറിലെ വർദ്ധിച്ചുവരുന്ന യാത്രാ തിരക്കിനും റെയിൽവേ കണക്റ്റിവിറ്റിയിലെ പോരായ്മകൾക്കും അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഷാഫി പറമ്പിൽ എം.പി നിവേദനം നൽകി.
മംഗളൂരു - കോയമ്പത്തൂർ റൂട്ടിൽ പുതിയ ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിൻ അനുവദിക്കുന്നതിനൊപ്പം വടകര മണ്ഡലത്തിലെ കൊയിലാണ്ടി, വടകര, തലശ്ശേരി എന്നീ പ്രധാന സ്റ്റേഷനുകളിൽ പ്രമുഖ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
നിലവിൽ കോഴിക്കോടിനും കണ്ണൂരിനുമിടയിൽ പ്രത്യേകിച്ച് വൈകുന്നേരം 6:15 ന് ശേഷം മംഗളൂരു ഭാഗത്തേക്ക് നാല് മണിക്കൂറോളം ട്രെയിനുകളില്ലാത്തത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നുണ്ട്. ഇതിന് പരിഹാരമായി രാവിലെ മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയോടെ കോയമ്പത്തൂരിലെത്തുകയും, മടക്കയാത്രയിൽ ഉച്ചയ്ക്ക് ശേഷം കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 7:30 ഓടെ കോഴിക്കോട്ടെത്തി മംഗളൂരുവിലേക്ക് തുടരുകയും ചെയ്യുന്ന രീതിയിൽ പുതിയ ഇന്റർസിറ്റി എക്സ്പ്രസ് സർവീസ് ക്രമീകരിക്കാമെന്ന് എം.പി നിർദ്ദേശിച്ചു. ഈ ട്രെയിൻ യാഥാർത്ഥ്യമാകുന്നതോടെ മേഖലയിലെ പ്രതിദിന യാത്രക്കാർ, വിദ്യാർത്ഥികൾ, വ്യാപാരികൾ, ചികിത്സാർത്ഥികൾ എന്നിവരുടെ യാത്രാക്ലേശത്തിന് വലിയ ആശ്വാസമാകും.
ഇതോടൊപ്പം വടകര ലോക്‌സഭാ മണ്ഡല പരിധിയിലെ പ്രധാന റെയിൽവേ കേന്ദ്രങ്ങളായ കൊയിലാണ്ടി, വടകര, തലശ്ശേരി എന്നീ സ്റ്റേഷനുകളിൽ കൂടുതൽ ദീർഘദൂര എക്സ്പ്രസ്/മെയിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന പ്രദേശവാസികളുടെ നാളുകളായുള്ള ആവശ്യവും എം.പി റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഗ്രാമീണ-നഗര മേഖലകളിലെ പതിനായിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഈ കേന്ദ്രങ്ങളിൽ ആവശ്യത്തിന് ട്രെയിൻ സ്റ്റോപ്പുകൾ ലഭ്യമാക്കുന്നത് മേഖലയുടെ വികസനത്തിന് അത്യന്താപേക്ഷിതമാണ്.
മലബാറിലെ റെയിൽ യാത്രക്കാർക്ക് ഏറെ സഹായകരമായ ഈ നിർദ്ദേശങ്ങളിൽ റെയിൽവേ ബോർഡിനും ദക്ഷിണ റെയിൽവേ അധികൃതർക്കും അടിയന്തര നിർദ്ദേശം നൽകി അനുഭാവപൂർവ്വമായ നടപടികൾ സ്വീകരിക്കണമെന്ന് എം.പി റെയിൽവേ മന്ത്രിയോട് അഭ്യർത്ഥിച്ചു.
