തലശ്ശേരി: ഗ്രീൻ തൂലിക പബ്ലിക്കേഷൻസിന്റെ ഉദ്ഘാടനവും പുസ്തകപ്രകാശനവും ആഗസ്റ്റ് 28-ന് രാവിലെ 10 മണിക്ക് മഞ്ഞോടി പെരിങ്ങളത്തെ ലയൺസ് ക്ലബ് ഹാളിൽ നടക്കും. സാംസ്കാരിക രംഗത്തെ പ്രമുഖൻ ടി.കെ.ഡി. മുഴുപ്പിലങ്ങാട് ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ദിനേശ് പെരിങ്ങോടി, സനീഷ് ആച്ചത് എന്നിവരും പങ്കാളികളാകും.
ചടങ്ങിൽ 'ഗ്രീൻ തൂലിക സാഹിത്യ പുരസ്കാരം – 2026' എഴുത്തുകാരൻ റീജേഷ് രാജന് സമ്മാനിക്കും. അദ്ദേഹത്തിന്റെ 'എന്റെ ഹൃദയത്തുടിപ്പുകൾ' എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം. 'ഗ്രീൻ തൂലിക യുവ പ്രതിഭാ പുരസ്കാരം – 2026' 'എന്റെ വഴിയോര കാഴ്ചകൾ' എന്ന കൃതിയിലൂടെ ജോമോൻ സെബാസ്റ്റ്യനും ലഭിക്കും.
സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച കവിത, ചെറുകഥ, ഓണം ഓർമ്മക്കുറിപ്പ് മത്സരങ്ങളിലെ വിജയികൾക്കുള്ള ആദരവും പുരസ്കാര വിതരണവും ഇതോടൊപ്പം നടക്കും. പുതിയ എഴുത്തുകാർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ് പബ്ലിക്കേഷൻസിന്റെ ലക്ഷ്യമെന്ന് പ്രജിന ഷൈനീഷ്, ഷൈനീഷ് പി.കെ., ജിജിൻരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
